മലയങ്ങാട്ടും വൻ നാശനഷ്ടം: നിരവധി വീടുകളും പാലങ്ങളും തകർന്നു
Friday, August 2, 2024 3:47 AM IST
വിലങ്ങാട്: വിലങ്ങാട് പന്നിയേരിയിലും ഉൾവനത്തിലുമുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മലയങ്ങാട് അഞ്ചുവീടുകൾ തകർന്നു.
പന്നിയേരി മേഖലയിൽ ഉരുൾപൊട്ടി പുഴയിലൂടെ കുത്തിയൊലിച്ചാണ് വീടുകൾ തകർന്നത്. വനത്തിനുള്ളിലൂടെ മലവെള്ളം കുതിച്ചെത്തി വൻ മരങ്ങൾ കടപുഴകി പുഴയിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു
മലവെള്ളപ്പാച്ചിലിൽ മലയങ്ങാട് പാലം തകർന്നു പ്രദേശം ഒറ്റപ്പെട്ടു. മേഖലയിൽ അഞ്ചിലേറെ പ്രധാന പാലങ്ങളും തകർന്നു.
2019ലെ പ്രളയത്തിനു ശേഷം പുനർനിർമിച്ച പാലങ്ങളാണ് അഞ്ചുവർഷത്തിനുശേഷം വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞത്.
12 കോടി ചെലവഴിച്ചു മലയോര ഹൈവേയുടെ ഭാഗമായി എട്ടു മീറ്റർ വീതിയിൽ നിർമിച്ച ഉരുട്ടിപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ വിലങ്ങാട് ടൗണിലേക്കുള്ള ഗതാഗതം നിലച്ചു. വിലങ്ങാട് ടൗണിൽ നിന്നു വാളൂക്ക് ഭാഗത്തേക്കുള്ള റോഡിലെ ടൗണ്‍ പാലം മലവെള്ളപ്പാച്ചിലിൽ പൂർണമായി തകർന്നു.
നരിപ്പറ്റ പഞ്ചായത്തിലെ വായാട് ആദിവാസി മേഖലയിലേക്കുള്ള ഏക വഴിയിലുള്ള പാലവും പൂർണമായി തകർന്നു. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കുറ്റല്ലൂർ, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലവും മലവെള്ളപ്പാച്ചിലിൽ തകർന്ന് ഒഴുകിപ്പോയി.
മലയങ്ങാട് അങ്കണവാടിക്കു സമീപത്തെ മലയങ്ങാട് പാലം തകർന്നതോടെ 12 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഒഴുകിയെത്തിയ മരത്തടികൾ ഉപയോഗിച്ചു നാട്ടുകാർ താത്കാലിക പാലം നിർമിച്ചതോടെയാണു പ്രദേശവാസികൾ പുറത്തിറങ്ങിയത്.