മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; കേസെടുത്തു
Friday, August 2, 2024 2:43 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് സംസ്ഥാനവ്യാപകമായി 14 എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഇത്തരത്തിലുള്ള 194 പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകുകയും ചെയ്തു.
തിരുവനന്തപുരം സിറ്റിയിൽ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒന്നു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി.
പ്രതിപക്ഷ നേതാവിനെതിരേ വ്യാജ പ്രചാരണം; പരാതി നൽകി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നൽകരുതെന്നു പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരേ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
നാട് ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്പോൾ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ വേർതിരിവ് ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. വ്യാജ വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.