കൂട്ടത്തോടെ തോറ്റ് അധ്യാപകർ!
Friday, June 7, 2024 3:02 AM IST
രമേഷ് മാത്യു
കേരളത്തിൽ നിന്നു ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന സർവ ടീച്ചർമാരെയും ക്ലാസിനു പുറത്തിരുത്തി വോട്ടർമാർ. അതിൽ അഞ്ചു പേർ തോറ്റത് ഭീകര വ്യത്യാസത്തിലുമാണ്.
വടകരയിലെ കെ.കെ. ശൈലജയും എറണാകുളത്തെ കെ.ജെ. ഷൈനും വയനാട്ടിലെ ആനി രാജയും മലപ്പുറത്തെ വി. വസീഫും ഡോ. എം അബ്ദുൾ സലാമും.
എറണാകുളത്തെ കെ.ജെ. ഷൈൻ മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. മുൻ വിദ്യാഭ്യാസ മന്ത്രിയും തൃശൂർ സെന്റ് തോമസ് കോളജിലെ പ്രഫസറുമായിരുന്ന സി.എൻ. രവീന്ദ്രനാഥ് ചാലക്കുടിയിൽ 60,000 ത്തിൽ കൂടുതൽ വോട്ടുകൾക്കാണ് പിന്തള്ളപ്പെട്ടത്.
കാസർഗോട്ട് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ തോൽപ്പിച്ചതും അധ്യാപകനെ. സിപിഎമ്മിലെ എം.വി. ബാലകൃഷ്ണനെ, ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക്.
വയനാട്ടിൽ രാഹുൽ ഗാന്ധിയോട് മൂന്നര ലക്ഷം വോട്ടിനു തോറ്റ സിപിഐ നേതാവ് ആനി രാജ മുമ്പ് ഡൽഹിയിൽ അധ്യാപികയായിരുന്നു.
ബിജെപി രംഗത്തിറക്കിയ അധ്യാപകരിൽ മുൻ വൈസ്ചാൻസലർമാരായ ഡോ. എം. അബ്ദുൾ സലാം (മലപ്പുറം), ഡോ. കെ.എസ്. രാധാകൃഷ്ണൻ (എറണാകുളം), കോളജ് അധ്യാപികയായിരുന്ന ടി.എൻ. സരസു (ആലത്തൂർ) എന്നിവർ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. അധ്യാപകരോട് വോട്ടർമാർക്ക് പൊതുവേ മമതയില്ലെന്നർഥം.
ഉന്നതവിദ്യാഭ്യാസ മന്ത്രിയായ മുൻ കോളജ് അധ്യാപികയുടെ ഭർത്താവ് എ. വിജയരാഘവന്റെ പാലക്കാട്ടെ തോൽവിയും കൗതുകം.