മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; സംഭവങ്ങൾ പുനരാവിഷ്കരിച്ച് അന്വേഷണസംഘം
Tuesday, May 28, 2024 12:39 AM IST
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് അന്വേഷണ സംഘം.
ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം സംഭവങ്ങളുടെ പുനരാവിഷ്കരണം നടത്തിയത്. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഒരുമിച്ച് ഓടിച്ചു പരിശോധിച്ചത്.
മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചതായാണ് വിവരം. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പോലീസ് കണ്ടെത്തൽ.
സംഭവം നടന്നത് രാത്രിയിലായതിനാൽ രാത്രി സമയത്തായിരുന്നു അന്വേഷണസംഘം സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മേയർ രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി മ്യൂസിയം പോലീസ് മേയർക്കു നോട്ടീസ് നൽകിയിരുന്നു. യദു തനിക്കുനേരേ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി.
എംഎൽഎ ബസിൽ കയറിയെന്നു മൊഴി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ മേയറുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് അന്ന് ബസിൽ യാത്ര ചെയ്തവർ പോലീസിനു മൊഴി നൽകി. ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചെന്നാണ് യാത്രക്കാരുടെ മൊഴി.
എംഎൽഎ കണ്ടക്ടറുമായി സംസാരിച്ചെന്നും മൊഴിയുണ്ട്. ബസിന്റെ സർവീസ് മുടങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടക്ടർ കെഎസ്ആർടിസിക്ക് നൽകിയ ട്രിപ്പ് ഷീറ്റിലും എംഎൽഎ ബസിൽ കയറിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
കോടതി മേൽനോട്ടം വേണമെന്ന ഹർജി തള്ളി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യ രാജേന്ദ്രനെതിരേ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി.
പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും പ്രാഥമികഘട്ടത്തിൽ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി. കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദുവാണ് കോടതിയിൽ ഹർജി നൽകിയത്.
കേസിലെ പ്രതികൾ മേയറും എംഎൽഎയുമാണ്, അന്വേഷണം ശരിയായി നടക്കില്ലെന്നതിന്റെ തെളിവാണ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.