കാമുകനെന്നു സംശയിച്ച് ഭാര്യയുടെ ബന്ധുവിനെ ഭർത്താവ് കൊലപ്പെടുത്തി
Monday, May 27, 2024 1:48 AM IST
കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്നു സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വടവാതൂര്‍ കുരിശിന് സമീപമായിരുന്നു സംഭവം. രഞ്ജിത്തിനെയും സുഹൃത്തിനെയും ആക്രമിച്ച ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പ്രതി അജീഷ് ഒളിവിലാണ്.
കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങി നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജീഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്.
ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍ നിലത്തുവീണ രഞ്ജിത്തിനെ അജീഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജീഷ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. രഞ്ജിത്തിനെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംശയത്തിന്റെ പേരില്‍ അജീഷ് മദ്യപിച്ച് ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു ഇതേതുടര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ അജീഷിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിനു പോലീസില്‍ പരാതി നല്കി. ഈ പരാതി ബന്ധുക്കള്‍ സ്റ്റേഷനില്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കി.
രഞ്ജിത്ത് വിഷയത്തിലിടപെട്ടതോടെ ഭാര്യയുമായി ബന്ധമുണ്ടെന്നു സംശയം തോന്നി ആക്രമിക്കുകയായിരുന്നു എന്നാണു കരുതുന്നത്. രഞ്ജിത്ത് വടവാതൂര്‍ ശാന്തിഗ്രാമം കോളനിയില്‍ ഭാര്യവീട്ടിലാണു താമസം. ഇവിടേക്കു വരുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കോളനിക്കു സമീപത്താണു പ്രതിയുടെ ഭാര്യവീടും.
അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വെട്ടേറ്റ റിജോ അപകടനില തരണം ചെയ്തു. പ്രതിയുടെ ഫോണ്‍ ഓഫാണെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും മണര്‍കാട് എസ്എച്ച്ഒ ജി. അനൂപ് അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് ശാന്തിഗ്രാമം കോളനിയില്‍ പൊതുദര്‍ശനത്തിനുശേഷം ചെങ്ങളത്തെ വീട്ടുവളപ്പില്‍. രഞ്ജിത്തിന്റെ ഭാര്യ: സന്ധ്യ. മക്കള്‍: അമൃത, അഭിജിത്ത്.