പെരിയാറിലെ മത്സ്യക്കുരുതി: റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി- മന്ത്രി
Friday, May 24, 2024 5:31 AM IST
ഏലൂര്‍: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. സബ് കളക്ടറോട് ശനിയാഴ്ച റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജലസേചനം, വ്യവസായം, ആരോഗ്യം, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ടതാണു കമ്മിറ്റി. കൂടാതെ ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിശോധിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം എന്തെന്ന് ലാബ് റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ. പാതാളം റെഗുലേറ്റര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് ഇതു സംഭവിച്ചതെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. ആവശ്യമെങ്കില്‍ ഉന്നതല സമിതിയെക്കൊണ്ടും അന്വേഷിപ്പിക്കും. മത്സ്യക്കര്‍ഷകര്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും.
പെരിയാറിലുണ്ടായ ദുരന്തം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കും. ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ പഠനം ഇതിന് മാനദണ്ഡമാക്കും. പ്രദേശവാസികള്‍ ആക്ഷേപം പറഞ്ഞ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിരന്തരപരിശോധന നടത്തും.
ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു മാത്രമേ ഇനിമുതല്‍ പാതാളത്തെ ഷട്ടര്‍ തുറക്കൂ. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പ്രവൃത്തികള്‍ ആരു നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ നഗരസഭ ചെയര്മാന് എ.ഡി. സുജില്‍, പിസിബി ചെയര്‍പേഴ്സണ്‍ എസ്. ശ്രീകല എന്നിവരും പങ്കെടുത്തു.
കര്‍ഷകര്‍ക്കു നഷ്ടം 9 കോടി
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ കര്‍ഷകര്‍ക്ക് ഒന്‍പത് കോടിയുടെ നഷ്ടം സംഭവിച്ചതായി ഫിഷറീസ് വകുപ്പ്. പാതാളം ബണ്ടിനു താഴെ 150ഓളം മത്സ്യക്കൂടുകളാണുള്ളത്. ഇവര്‍ക്കെല്ലാമായാണ് ഇത്രയും രൂപയുടെ നഷ്ടം സംഭവിച്ചത്.
വിശദമായ കണക്കെടുപ്പ് കഴിഞ്ഞാല്‍ നഷ്ടം ഇതിലും കൂടാനാണു സാധ്യതയെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎസ്എസ്വൈ), സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യക്കൃഷി എന്നീ പദ്ധതികള്‍ വഴിയാണു കര്‍ഷകര്‍ വായ്പയെടുത്ത് മത്സ്യക്കൃഷി നടത്തിയത്. ഒരു കൂട് മത്സ്യകര്ഷകന് 10 മുതല്‍ 15 ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണു നിഗമനം. പെരിയാറിലെ വെള്ളം മലിനമായതിനാല്‍ ഇനി മത്സ്യക്കൃഷി എന്നു സാധ്യമാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
പാതാളം ബണ്ട് തുറക്കാന്‍ പ്രോട്ടോക്കോള്‍
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സാഹചര്യത്തില്‍ പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. പ്രോട്ടോക്കോൾ തയാറാക്കാൻ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജലസേചന വകുപ്പ്, ഏലൂര്‍ നഗരസഭ എന്നിവയുടെ പ്രതിനിധികൾ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാനും മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാകും ഇനി ഏലൂരിലെ വ്യവസായ മേഖല ഉള്‍പ്പെടുന്ന പ്രദേശം.
ഈ മേഖലയില്‍ ഇടയ്ക്കിടെ ദുര്‍ഗന്ധം അനുഭവപ്പെടുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ജൂലൈ 31നകം എല്ലാ കമ്പനികളിലും ബയോ ഫില്‍റ്റര്‍ സ്ഥാപിക്കണം. പെരിയാര്‍ സംരക്ഷിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കും. തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഇതു നടപ്പാക്കുക. പാതാളത്ത് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണ പാതയോടുകൂടിയ ഡയഫ്രം വാള് സ്ഥാപിക്കും. ഇതിനായി ഒരു മാസത്തിനകം റവന്യു വകുപ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പ് ഡിപിആര്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍. പതാളത്തെ ഷട്ടറുകള്‍ തുറക്കുന്നതിനുമുന്‍പ് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രതികരണത്തിനു പിന്നാലെ വ്യവസായ വകുപ്പിനെക്കൂടി പഴിചാരി ജലസേചന വകുപ്പും ഇന്നലെ രംഗത്തെത്തി.
വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജാഗ്രതക്കുറവാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇന്നലെ ജലസേചന വകുപ്പ് പറഞ്ഞത്. മത്സ്യക്കുരുതിയുടെ കാരണത്തെക്കുറിച്ച് കളക്ടര്‍ നിയോഗിച്ച സമിതിക്കു പുറമേ ഫിഷറീസ് യൂണിവേഴ്സിറ്റിയും പരിശോധന നടത്തുന്നുണ്ട്.