‘പരസ്യ’വിവാദം: നിലപാട് വിശദീകരിച്ച് സമസ്ത മുഖപത്രം
Friday, May 24, 2024 5:02 AM IST
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ഉയർത്തിയ വിമർശനങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ‘സുപ്രഭാതം’ സിഇഒ മുസ്തഫ മുണ്ടുപാറ. ‘സുപ്രഭാതം’ പത്രത്തിന്റെ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു.
വാര്‍ത്തകളിലും പരസ്യങ്ങളിലും എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്നതാണു പത്രത്തിന്റെ നയം. അതിന്റെ ഭാഗമായാണ് ഇടതുമുന്നണിയുടെ പരസ്യം കൊടുത്തതെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. സമസ്ത നേതാക്കളെയും സുപ്രഭാതം പത്രത്തെയും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തിയത്.
പത്രത്തിന്റെ യുഎഇ എഡിഷന് ലോഞ്ചിംഗ് തീയതി നിശ്ചയിച്ചത് ലീഗ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ്. സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവരില്‍നിന്നു തീയതി ഉറപ്പിച്ച ശേഷമാണ് പരിപാടി നിശ്ചയിച്ചത്. ഇതിനു ശേഷമാണ് മറ്റ് അതിഥികളെ ക്ഷണിച്ചത്. യുഎഇ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ വസ്തുതയ്ക്കു നിരക്കാത്തതാണെന്നും മുസ്തഫ മുണ്ടുപാറ വിശദീകരിച്ചു. അതേസമയം, സമസ്ത നേതാക്കളെയും സുപ്രഭാതം പത്രത്തെയും വിമര്‍ശിച്ച ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയോട് വിശദീകരണം ചോദിച്ച നടപടിയില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ കടുത്ത അതൃപ്തിയിലാണെന്നാണു വിവരം.
ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ തള്ളിപ്പറയാന്‍ പോലും തയാറാകാത്ത സമസ്ത നേതൃത്വം നദ്വിയോടു വിശദീകരണം ചോദിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നദ്വിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുക്കുന്നത്.