ആര്സി ബുക്ക് വിതരണം അവതാളത്തില്; പഴയ വാഹനങ്ങള് വില്ക്കാനാകുന്നില്ല
Monday, May 6, 2024 5:54 AM IST
കൊച്ചി: പഴയ വാഹനങ്ങളുടെ കൈമാറ്റങ്ങള്ക്ക് യഥാസമയം രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് (ആര്സി ബുക്ക്) ലഭ്യമാകാത്ത സാഹചര്യത്തില് സംസ്ഥാനത്ത് സെക്കന്ഡ് ഹാൻഡ് വാഹനങ്ങളുടെ വിപണിയിൽ ഇടിവ്. പത്തു ലക്ഷത്തോളം ആര്സി ബുക്കുകളാണ് വാഹന ഉടമകള്ക്കു ലഭിക്കാനുള്ളത്.
കഴിഞ്ഞ വര്ഷം നവംബര് മുതലുള്ള ആര്സി ബുക്കുകള് വിതരണം ചെയ്തിട്ടില്ലെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള് ഡീലേഴ്സ് ആന്ഡ് ബ്രോക്കേഴ്സ് അസോസിയേഷന് ഭാരവാഹികള് വ്യക്തമാക്കുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണിവര്.
ആര്സി ബുക്കിനായി 200 രൂപയും അതിനുപുറമേ തപാല് ചാര്ജായ 45 രൂപയും മോട്ടോര് വാഹന വകുപ്പിന് നല്കുന്നുണ്ട്. ആര്സി ബുക്ക് ലഭിക്കാത്തതുമൂലം വില്പന നടത്തിയ വാഹനങ്ങളുടെ ഇൻഷ്വറന്സ് തുക യഥാര്ഥ ഉടമയുടെ പേരിലേക്കു മാറ്റാന് കഴിയാത്ത സാഹചര്യവും നിലനില്ക്കുന്നു. വാഹനങ്ങള് അപകടത്തില്പ്പെട്ടാല് ഇതുമൂലം ഇൻഷ്വറന്സ് തുക ക്ലെയിം ചെയ്യാന് കഴിയാത്ത സാഹചര്യമുണ്ട്.
ടാക്സികള്ക്ക് ഇതരസംസ്ഥാനങ്ങളിലേക്കു പോകാനും ഇതര സംസ്ഥാന പെര്മിറ്റ് ലഭിക്കാനും ആര്സി ബുക്ക് ആവശ്യമാണ്. ഇതോടെ ടാക്സി ഉടമകൾക്കും വലിയ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്.
നാലായിരത്തിലധികം യൂസ്ഡ് വെഹിക്കിള് സ്ഥാപനങ്ങളാണ് സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. ഇവയില് ഒട്ടുമിക്കവയും പ്രതിസന്ധിയിലാണ്. മുമ്പ് പ്രതിമാസം 20നടുത്ത് വാഹനങ്ങള് വിറ്റിരുന്ന സ്ഥാനത്ത് ഇന്ന് അഞ്ചില് താഴെ മാത്രമാണു വില്പന നടക്കുന്നത്. ആര്സി ലഭിക്കാത്തതിനാല് ടാക്സി ഓടുന്ന വാഹനങ്ങള്ക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും തടസമായിട്ടുണ്ട്.