ഗാനരചയിതാവ് ജി.കെ. പള്ളത്ത് അന്തരിച്ചു
Monday, May 6, 2024 5:42 AM IST
തൃശൂർ: തൊണ്ണൂറുകളിൽ മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജി.കെ. പള്ളത്ത് (82) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പള്ളത്ത്, അറുപതോളം നാടകങ്ങൾക്കും പത്തു സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്.
പാദസരം എന്ന ചിത്രത്തിൽ ജി. ദേവരാജൻ സംഗീതം നൽകി ജയചന്ദ്രൻ പാടിയ ‘കാറ്റുവന്നു നിന്റെ കാമുകൻ വന്നു’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനവുമായാണു പള്ളത്ത് മലയാള സിനിമയുടെ പടികടന്നത്. പിന്നീടു നിരവധി ഗാനങ്ങൾക്കു തൂലിക ചലിപ്പിച്ചു.
തൃശൂർ പള്ളത്തുവീട്ടിൽ നാരായണൻ നായരുടെയും അമ്മിണിയമ്മയുടെയും മകനായി 1942ലാണു ഗോവിന്ദൻകുട്ടിയെന്ന ജി.കെ. പള്ളത്തിന്റെ ജനനം. കുട്ടിക്കാലം മുതൽ സാഹിത്യത്തോടു താത്പര്യമുണ്ടായിരുന്ന പള്ളത്ത്, തൃശൂർ വിവേകോദയം സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോൾമുതൽ കവിതകൾ എഴുതിത്തുടങ്ങി. ഗോവിന്ദൻകുട്ടിയുടെ രചനകളിൽ ആകൃഷ്ടനായ അധ്യാപകനും മലയാള പണ്ഡിതനുമായിരുന്ന കെ.എൻ. നന്പീശനാണ് ജി.കെ. പള്ളത്ത് എന്ന തൂലികാനാമം നൽകിയത്. എട്ടാം ക്ലാസിലെത്തുന്പോൾ ആനുകാലികങ്ങളിൽ കവിതകൾ അച്ചടിച്ചു.
1958ൽ തൃശൂരിൽ നടന്ന കമ്മ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ജി.കെ. പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്. ജോർജും സുലോചനയും ചേർന്നാലപിച്ച രക്തത്തിരകൾ നീന്തിവരുംഎന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു.
തുടർന്ന് അമച്വർ നാടകങ്ങൾക്കും ബാലെകൾക്കും ഗാനങ്ങളെഴുതി കലാരംഗത്തെത്തി. ധൂർത്തുപുത്രി, കുടുംബവിളക്ക് തുടങ്ങിയ അമച്വർ നാടകങ്ങൾ എഴുതി. അവ വിജയിച്ചതോടെ പ്രഫഷണൽ രംഗത്തേക്കു തിരിഞ്ഞു. എൽ.പി.ആർ.വർമ, എം.കെ. അർജുനൻ, കോട്ടയം ജോയി, കുമരകം രാജപ്പൻ, പോൾസണ് കാഞ്ഞാണി, സണ്ണിരാജ്, വിദാധരൻ, കൊടകര മാധവൻ, ഫ്രെഡി തുടങ്ങിയവരുടെ സംഗീതത്തിൽ അനേകം നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതി.
നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് സിനിമയിൽ അവസരംനൽകിയത്. ഈ ചിത്രത്തിൽ ജി. ദേവരാജൻ ഈണം നൽകിയ കാറ്റുവന്നു നിന്റെ കാമുകൻ വന്നു എന്ന ഗാനം ഇന്നും ക്ലാസിക് പട്ടികയിലാണ്. ഇതേ ചിത്രത്തിലെ ഇല്ലപ്പറന്പിലെ പുള്ളോത്തി എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. കാളീചക്രത്തിലെ അമൃതകിരണം പുൽകും, ചാകരയിലെ സുഹാസിനീ സുഭാഷിണീ, ചോര ചുവന്ന ചോരയിലെ ശിശിര പൗർണമി വീണുറങ്ങി, അമൃതഗീതത്തിലെ മാരിവില്ലിൻ സപ്തവർണജാലം, കുങ്കുമപ്പൊട്ടിലെ പുല്ലാനിക്കാട്ടിലെ തുടങ്ങി നിരവധി ഗാനങ്ങൾക്ക് ജി.കെ. പള്ളത്ത് ഗാനരചന നിർവഹിച്ചു.
സിനിമാഗാനങ്ങൾ കൂടാതെ ചിങ്ങനിലാവ്, മാരനെത്തേടി, സ്വയംഭൂനാഥൻ, മനസിലെ ശാരിക തുടങ്ങി അനേകം ആൽബങ്ങൾക്കും ജി.കെ. പള്ളത്ത് പാട്ടുകളെഴുതി. ദേവീപ്രാദം, മൂകാംബികയമ്മ എന്നീ ഹിന്ദു ഭക്തിഗാനങ്ങളും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചു. ദേവരാജനുമായി ചേർന്നു പത്തുഗാനങ്ങളും ടി.കെ. ലായനുമായി ചേർന്ന് 13 ചിത്രങ്ങൾക്കും പാട്ടുകളെഴുതിയിട്ടുണ്ട്. സംസ്കാരം ഇന്നു വൈകിട്ടു നാലിനു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: എൻ.രാജലക്ഷ്മി (റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫീസർ). മക്കൾ: നയന (യുകെ) സുഹാസ്, രാധിക (ചിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.