മോദിയുടെ വാഗ്ദാനം പരാജയം മുന്നിൽക്കണ്ട്: പിണറായി
Tuesday, April 16, 2024 3:01 AM IST
തൃശൂർ: പ്രളയക്കെടുതികളിലും കോവിഡ് മഹാമാരിയിലും തകർന്നുപോയ കേരളത്തെ സഹായിക്കാതിരുന്ന മോദി സർക്കാർ തെരഞ്ഞെടുപ്പു പരാജയം മുന്നിൽക്കണ്ടാണു വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിൽ ഇടതു തരംഗമാണ്. രണ്ടാംസ്ഥാനത്തുപോലും ബിജെപി എത്തില്ല. ശക്തൻ നഗറിൽ തൃശൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂരിൽ ക്രമവിരുദ്ധ വായ്പകളുണ്ടെന്നു കണ്ടെത്തിയപ്പോൾതന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. സഹകരണ വകുപ്പ് റവന്യു റിക്കവറിയടക്കമുള്ള നടപടികളിലേക്കു കടന്നു. ക്രൈംബ്രാഞ്ച് കണ്ടെത്തിയവരെ തന്നെയാണ് ഇഡിയും പ്രതികളാക്കിയത്.
ഒരു ബാങ്കിന്റെ പേരിലുള്ള ക്രമക്കേടുകളുടെ പേരിൽ സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ കോൺ ഗ്രസ് നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.