കർഷകനെ കാട്ടുപന്നി കുത്തിവീഴ്ത്തി, കുടലിനു ഗുരുതര പരിക്ക്
Tuesday, April 16, 2024 3:01 AM IST
അടൂർ: കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന കർഷകന് കാട്ടുപന്നിയുടെ കുത്തേറ്റ് കുടലിന് ഗുരുതര പരിക്ക്.
അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജനാണ് (58) പരിക്കേറ്റത്. പെരിങ്ങനാട് പുത്തൻചന്തയിലുള്ള കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മരച്ചീനി കൃഷിക്ക് മണ്ണ് വെട്ടിയിടുന്ന ജോലിയിലായിരുന്നു ഇദ്ദേഹം. ഇതിനിടെ വെള്ളം കുടിക്കാൻ വേണ്ടി കൃഷിയിടത്തിലെ പണയിൽ നിന്നും കരയ്ക്ക് കയറിയ രാജനെ പാഞ്ഞെത്തിയ പന്നി കുത്തുകയായിരുന്നു.
പരിക്കേറ്റ രാജൻ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഒടുവിൽ കൃഷിയിടത്തിൽ നിന്നും ഒരു വിധത്തിൽ റോഡിൽ എത്തി സമീപത്തുള്ള ബന്ധുവീട്ടിൽ വിവരം പറഞ്ഞു. ഇവരാണ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ വലതു കൈ മുട്ടിന് പരിക്കേറ്റതായി മാത്രമേ ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നുള്ളൂ.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുടലിനു പരിക്കുള്ളതായി മനസിലാക്കിയത്. ഇതോടെ രാജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുടലിന്റെ മൂന്നിടത്തായി സാരമായ ക്ഷതമുണ്ടായി. ശസത്രക്രയയും വേണ്ടിവന്നു.