മോദി നടത്തുന്നതു സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടുള്ള പ്രചാരണം: പ്രകാശ് കാരാട്ട്
Tuesday, April 16, 2024 2:08 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതു സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു പ്രചാരണമാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
വർഗീയ ധ്രുവീകരണമാണു ബിജെപി ലക്ഷ്യമിടുന്നത്. ഇത് അവരുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും വ്യക്തമാണ്. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മോദി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണു രാജ്യത്തു നടക്കുന്നത്. രണ്ടു മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലാണ്.
ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. എതിർശബ്ദങ്ങളെ അന്വേഷണ ഏജൻസികളെ ക്കൊണ്ട് ഇല്ലാതാക്കുന്നു. ഇതു ഫാസിസമാണ്.
പ്രതിപക്ഷപാർട്ടികൾ വിശ്വാസത്തിന് എതിരാണെന്നു ബോധപൂർവം പ്രചരിപ്പിക്കുന്നു. ഇതിലൂടെ മതധ്രുവീകരണമാണു ബിജെപി ലക്ഷ്യമിടുന്നതെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കാരാട്ട് പറഞ്ഞു.