കരുവന്നൂര്‍: കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നൽകാമെന്ന് ഇഡി
Tuesday, April 16, 2024 2:08 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാവുന്നതാണെന്ന് ഇഡി കോടതിയില്‍ ബോധിപ്പിച്ചു. നിക്ഷേപകര്‍ നിക്ഷേപിച്ച പണം തിരികെ നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇഡി നിലപാടറിയിച്ചത്.
54 പ്രതികളുടെ പക്കല്‍ നിന്ന് കണ്ടുകെട്ടിയ 108 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് ഇഡി പണം നല്കുന്നതു സംബന്ധിച്ച വിശദാംശം ബോധിപ്പിച്ചത്.
പ്രതികളില്‍ നിന്നു കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്കാന് പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം അവസരമുണ്ട്.
കണ്ടുകെട്ടിയ തുകയില്‍ നിന്നും തങ്ങളുടെ നിക്ഷേപത്തുക അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജിയില്‍ ഇന്നലെ ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണ്ടുകെട്ടിയ തുക തിരിച്ചുനല്‍കാന്‍ തടസമില്ലെന്ന് അറിയിച്ചത്.