പൂരം: ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശം
Sunday, April 14, 2024 1:02 AM IST
കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവന്‍ ആനകളുടെയും പട്ടികയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്ന വിഷയം പരിഗണിക്കവെയാണ് പൂരത്തിന് എഴുന്നളളിക്കുന്ന ആനകളെ സംബന്ധിച്ച വിവരം അറിയിക്കാന്‍ വനം വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്റെയടക്കം ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കരുതെന്നും കോടതി നിര്‍ദേശം നല്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ വനംവകുപ്പ് വ്യക്തമായ വിശദീകരണം നല്‍കിയില്ല. വിഷയം 17ന് കോടതി പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ത്യശൂര്‍ പൂരം സംബന്ധിച്ച വിഷയം പരിഗണിച്ചത്.