ധവളപത്രമിറക്കണമെന്ന് പ്രതിപക്ഷനേതാവ്
Sunday, March 3, 2024 1:47 AM IST
കൊച്ചി: സംസ്ഥാനത്തെ നിലവിലെ സാമ്പത്തികസ്ഥിതി വിവരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ അടിയന്തരമായി പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യുഡിഎഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു.
സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റാണ് ഇതിനു കാരണമെന്നും സതീശന് ആരോപിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇപ്പോഴും ഒരു കുഴപ്പവുമില്ലെന്നാണ് പറയുന്നത്. പണമില്ലാത്തതാണ് ശന്പളം നല്‍കാനാകാത്തതിന്റെ യഥാർഥ കാരണം.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നല്‍കിയിട്ട് മാസങ്ങളായി. ക്ഷേമനിധികളും തകര്‍ന്നു. പിന്നാക്ക വിദ്യാര്‍ഥികളുടെ ഇ ഗ്രാന്‍ഡ് നിലച്ചു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളം മുടങ്ങിയിരിക്കുന്നത്.
സാധാരണക്കാര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ്.
കേന്ദ്രം നല്‍കാനുള്ളത് ഏതു തുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 3,100 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 57,800 കോടി ലഭിക്കാനുണ്ടെന്ന കള്ളക്കണക്ക് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചതാണ്.
ജിഎസ്ടി കോംപന്സേഷനുള്ള രേഖകള്‍ കൊടുക്കാന്‍ വൈകിച്ചത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ധനപ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.