സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; പ്രതികളെല്ലാം പിടിയിൽ
Sunday, March 3, 2024 12:45 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ പൂക്കോട് കാന്പസിലെ ബിവിഎസ്സി ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴു പ്രതികൾ കൂടി അറസ്റ്റിൽ.
പത്തനംതിട്ട അടൂർ കൃഷ്ണവിലാസം ജെ. അജയ് (24), കൊല്ലം പറവൂർ തെക്കുംഭാഗം ചെട്ടിയാൻവിളക്കം എ. അൽത്താഫ് (21), കോഴിക്കോട് പുതിയോട്ടുക്കര വി. ആദിത്യൻ (20), മലപ്പുറം എടത്തോല കുരിക്കൽ ഇ.കെ. സൗദ് റിസാൽ (21), കൊല്ലം ഓടനാവട്ടം എളവൻകോട്ട് സ്നേഹഭവൻ സിൻജോ ജോണ്സണ് (22), മലപ്പുറം എടവണ്ണ മീന്പറ്റ എം. മുഹമ്മദ് ഡാനിഷ് (23), കൊല്ലം കിഴക്കുഭാഗം നാലുകെട്ട് ആർ.എസ്. കാശിനാഥൻ (25) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ഇതോടെ കേസിൽ ഇതിനകം പ്രതിചേർത്ത 18 പേരും പിടിയിലായി. 11 പേർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു.
ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അജയ് പിടിയിലായത്. കൊല്ലത്തിനു സമീപം ബന്ധുവീട്ടിൽനിന്നാണ് അൽത്താഫിനെ കസ്റ്റഡിയിലെടുത്തത്. കാശിനാഥൻ അന്വേഷണ ഉദ്യോഗസ്ഥൻ കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ മുന്പാകെ കീഴടങ്ങുകയായിരുന്നു. സിൻജോ ജോണ്സണ്, ആദിത്യൻ, സൗദ് റിസാൽ, ഡാനിഷ് എന്നിവർ കൽപ്പറ്റയിലാണ് അറസ്റ്റിലായത്.
ആറ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു
കേസിൽ റിമാൻഡിലുള്ളതിൽ ആറു പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ആദ്യം അറസ്റ്റിലായ രെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, ആർ.ഡി. ശ്രീഹരി, എസ്. അഭിഷേക്, ഡോണ്സ് ഡായ്, ബിൽഗേറ്റ്സ് ജോഷ്വ എന്നിവരെയാണ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ കിട്ടുന്നതിന് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ സമർപ്പിച്ച അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.