ജുഡീഷൽ അന്വേഷണം: തീരുമാനം മൂന്നു ദിവസത്തിനകമെന്നു ഗവർണർ
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ജുഡീഷൽ അന്വേഷണകാര്യത്തിൽ മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
വൈസ് ചാൻസലറെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജുഡീഷൽ അന്വേഷണം ആവശ്യമാണെന്നു പറയുന്നു. ഇതു കൂടാതെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ജുഡീഷൽ അന്വേഷണം നടത്തും.
ജുഡീഷൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതായും മുംബൈയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരെ കണ്ട ഗവർണർ പറഞ്ഞു.
സർവകലാശാലയുടെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടായി. ഇതിനാലാണ് വിസിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കേരള പോലീസ് മികച്ച സേനയാണെങ്കിലും രാഷ്ട്രീയ അതിപ്രസരത്താൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ പോലീസിനെ കുറ്റപ്പെടുത്താൻ കഴിയില്ല. പിണറായി സർക്കാർ നിയന്ത്രിക്കുന്ന പോലീസ് അന്വേഷണത്തിലെ വിശ്വാസമില്ലായ്മയാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്.
എസ്എഫ്ഐയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒന്നിച്ചാണു പ്രവർത്തിക്കുന്നതെന്ന ആരോപണം ഗവർണർ ഇന്നലെയും ആവർത്തിച്ചു. കോളജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ്ക്വാർട്ടേഴ്സുകളാക്കി മാറ്റുന്നു. എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.