കാർഷികരംഗത്ത് സഹകരണ മേഖലയുടെ ഇടപെടൽ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി
Sunday, March 3, 2024 12:45 AM IST
ആലപ്പുഴ: അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനുതകുന്ന വിധത്തിൽ കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തും. സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാർഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. നവകേരള നിർമിതിക്ക് കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാർഷികോത്പന്നങ്ങളുടെ മൂല്യവർധന, മൂല്യവർധിത ഉത്പന്നങ്ങളുടെ വിതരണ-സംഭരണമടക്കമുള്ള കാര്യങ്ങൾ ശക്തിപ്പെടുത്തും. അഗ്രി കോർപറേറ്റുകളുടെ സ്വാധീനത്തിൽ നിന്ന് കേരളത്തിലെ കാർഷികമേഖലയേയും കർഷകരേയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച കൂടാതെ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഗ്രി കോർപ്പറേറ്റുകളുടെ താത്പര്യങ്ങൾക്കു വഴങ്ങി ജലസേചനവും ഊർജ്ജലഭ്യതയും ഉറപ്പുവരുത്തുന്നതിൽ നിന്ന് പിന്മാറുകയും കൃഷിക്കുള്ള സബ്സിഡികൾ ഇല്ലാതാക്കുകയും വളങ്ങളുടെ വില കൂട്ടുകയും ഒക്കെ ചെയ്യുന്ന പൊതു സ്ഥിതിയിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് കേരള സർക്കാർ.
കാലാവസ്ഥാ വ്യതിയാനവും വന്യമൃഗ ആക്രമണങ്ങളും ഉയർന്ന ജനസാന്ദ്രത മൂലം കൃഷി ഭൂമിയിലുണ്ടായിട്ടുള്ള കുറവും കേരളത്തിന്റെ കാർഷിക മേഖലയിൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഇതിനെയൊക്കെ മറികടക്കാൻ ഉതകുന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
കർഷകരുടെ വരുമാനം നിലവിലുള്ളതിനേക്കാൾ 50 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നുള്ള കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചുപോരുന്നത്. റബറിന്റെ താങ്ങുവില നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് 180 രൂപയായി വർദ്ധിപ്പിച്ചു.കാർഷിക മേഖലയ്ക്ക് ഈ സർക്കാർ നൽകിവരുന്ന പ്രാധാന്യം എത്രയെന്ന് ഇത്തവണത്തെ ബജറ്റ് പരിശോധിച്ചാൽ വ്യക്തമാകും.
വിളപരിപാലനത്തിന് 535.9 കോടി രൂപയും വിള ആരോഗ്യപരിപാലന പദ്ധതികൾക്ക് 13 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി രൂപയും കുട്ടനാട് മേഖലയിലെ കാർഷികവികസനത്തിന് 36 കോടി രൂപയും മാറ്റിവച്ചു.
നെല്ലുത്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി രൂപയും നാളികേര കൃഷി വികസനത്തിന് 65 കോടി രൂപയും ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളിൽ 25 ശതമാനം സ്ത്രീകളാണ് എന്ന് കാണണം.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂല്യ വർധിത ഉത്്പന്നങ്ങളുടെ വ്യാപനത്തിനായി കാർഷിക മിഷൻ തന്നെ സർക്കാർ ആരംഭിച്ചിട്ടുണ്ട്.സിയാൽ മോഡലിൽ കാപ്കോ കമ്പനി ആരംഭിച്ച് നവീന പദ്ധതികൾക്ക് തുടക്കമിടാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. 2375 കോടി രൂപയുടെ കേര പദ്ധതിക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.