രണ്ടാം ദിനവും ശന്പളമില്ല
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ടാം പ്രവൃത്തി ദിനമായ ഇന്നലെയും ശന്പളം ലഭിച്ചില്ല. തിങ്കളാഴ്ചയോടെ ശന്പളം ലഭിച്ചു തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പെൻഷൻ വിതരണം ഇന്നലെ തടസമില്ലാതെ നടത്താനായതായി ട്രഷറി അധികൃതർ അറിയിച്ചു.
ശന്പളവും പെൻഷനും വിതരണം ചെയ്യാൻ 5400- 5500 കോടി രൂപ വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച 4100 കോടി രൂപയിൽ നിലവിലെ വായ്പകൾക്കുള്ള പലിശ അടക്കം അടച്ചിരുന്നു. എന്നാൽ, ശന്പളം വിതരണം ചെയ്യാൻ 1600 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളോട് അടക്കം ഫണ്ട് ട്രഷറിയിലേക്കു മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഫണ്ട് ട്രഷറിയിലേക്കു മാറ്റാനാകില്ല. ബിവറേജസ് കോർപറേഷൻ, കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ഏതാനും സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്കു മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രഷറി നിക്ഷേപങ്ങളുടെ പലിശയും ഉയർത്തി. കൂടുതൽ പൊതു- സ്വകാര്യ ഫണ്ട് കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇടിഎസ്ബി അക്കൗണ്ടിലേക്കു ജീവനക്കാരുടെ ശന്പള സ്ലിപ്പ് അപ്ലോഡ് ചെയ്തെങ്കിലും ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കാത്തതിനാലാണു ശന്പളം ലഭിക്കാത്തത്. എന്നാൽ, സാങ്കേതിക നടപടിക്രമങ്ങളിലുണ്ടായ പ്രശ്നങ്ങൾ മൂലമാണ് ആദ്യദിനം ശന്പളം ലഭിക്കാതിരുന്നതെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്.