കേസ് ഒതുക്കാൻ സിപിഎം ശ്രമമെന്ന് ചെന്നിത്തല
Sunday, March 3, 2024 12:45 AM IST
കൽപ്പറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കാൻ തുടക്കം മുതൽ സിപിഎം ശ്രമിക്കുന്നതായി കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ ആസ്ഥാന കവാട പരിസരത്ത് കോണ്ഗ്രസ് മാർച്ചിന്റെ ഭാഗമായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുകയുണ്ടായി. പ്രതികളെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റിന്റെ മുറിയിൽ തള്ളിക്കയറാനും ശശീന്ദ്രൻ ശ്രമിച്ചു.
ഇത് കേസ് തേച്ചുമായ്ക്കാനുള്ള സിപിഎം പദ്ധതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൈശാചിക കൃത്യത്തിനു നേതൃത്വം കൊടുത്തവർ സിദ്ധാർഥനു ദാഹജലം പോലും നിഷേധിച്ചെന്നാണ് അറിയുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.