നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലേക്ക്
Saturday, March 2, 2024 12:54 AM IST
കൊച്ചി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി എട്ടിന് അവിടെയെത്തും. ഇവരുടെ യാത്രാനുമതിയുടെ കാര്യത്തിൽ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതോടെയാണു വീസ ലഭിച്ചത്.
യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു നിമിഷപ്രിയ ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ കുടുംബത്തെ സന്ദർശിച്ച് മകളുടെ ശിക്ഷായിളവിനു സഹായം തേടുകയാണ് പ്രേമകുമാരിയുടെ യാത്രയുടെ ലക്ഷ്യം.
ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമങ്ങൾക്കു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും പിന്തുണയായുണ്ട്. ആക്ഷൻ കൗൺസിൽ പ്രതിനിധികൾ കഴിഞ്ഞദിവസം യെമന്‍ അംബാസഡറുമായി ആശയവിനിമയം നടത്തിയിരുന്നു.
മുംബൈ വഴിയാണു പ്രേമകുമാരി യെമനിലേക്കു പോകുക. സന്നദ്ധപ്രവര്‍ത്തകനായ സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും. മകളുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രേമകുമാരി പറഞ്ഞു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കിഴക്കന്പലത്തെ ഒരു വീട്ടില്‍ ജോലിക്കാരിയാണു പ്രേമകുമാരി.