ശന്പളം മുടങ്ങിയത് കെടുകാര്യസ്ഥത മൂലമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും ശന്പളവും പെൻഷനും മുടങ്ങിയത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെന്റിന്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
ആദ്യ പ്രവൃത്തിദിനം ശന്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശന്പളം ലഭിച്ചില്ല. ശന്പളവും പെൻഷനും അക്കൗണ്ടിൽ കാണാം, കൈയിൽ കിട്ടില്ലെന്ന വിചിത്ര അവസ്ഥയാണിവിടെ.
ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ, ശന്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ബിനോദ്, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് കുമാരി അജിത, ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ് എന്നിവർ പറഞ്ഞു.