സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്തതോടെ അധ്യാപകര്‍ പ്രതിസന്ധിയില്‍
Saturday, February 24, 2024 12:39 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബ്യൂണല്‍ സ്റ്റേ ചെയ്തതോടെ അധ്യാപകര്‍ പ്രതിസന്ധിയില്‍. വിടുതല്‍ വാങ്ങിയ അധ്യാപകര്‍ക്ക് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാനോ നിലവിലെ സ്ഥാപനത്തില്‍ തുടരാനോ സാധിക്കില്ല. പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് തുടരുന്നത് സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഈ മാസത്തെ ശമ്പളം, സര്‍വീസ് ബ്രേക്ക് എന്നിവ അധ്യാപകരെ പ്രതികൂലമായി ബാധിക്കും.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കേയാണ് ആശയക്കുഴപ്പം തുടരുന്നത് 16 നാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍നിന്നു വിടുതല്‍ വാങ്ങി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഉത്തരവെന്നു കാണിച്ച് ഒരുവിഭാഗം അധ്യാപകര്‍ നല്കിയ പരാതി പരിഗണിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
മാനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയതെന്നും പത്തുദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷന് ഡ്യൂട്ടിക്ക് മതിയായ മുന്‍ഗണന നല്‍കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവില്‍ ഈ ചട്ടം ലംഘിച്ചുവെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
2023 മേയ് 31നു മൂന്നുവര്‍ഷം ഹയര്‍സെക്കന്‍ഡറി സര്‍വീസ് പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും നാലും അഞ്ചും വര്‍ഷമായി ഇതര ജില്ലകളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്കുമാണ് സ്ഥലം മാറ്റ ഉത്തരവ് പ്രയോജനപ്പെടുക. ട്രൈ ബ്യൂണല്‍ വിധിക്ക് പിന്നാലെ സ്ഥലംമാറ്റ നടപടികള്‍ നിര്‍ത്തിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നാണ് അറിയിച്ചത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തേ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണു കോടതിയുടെ പുതിയ നിര്‍ദ്ദേശം.
ഭരണാനുകൂല അധ്യാപക സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നു മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിച്ചതാണ് അധ്യാപകരെ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റം നടത്താനുള്ള സര്‍ക്കാര്‍ ശ്രമമാണു പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.