പണമില്ലാതെ പദ്ധതികൾ; സംസ്ഥാന ബജറ്റ് ഇന്ന്
കെ. ഇന്ദ്രജിത്ത്
Monday, February 5, 2024 5:20 AM IST
തിരുവനന്തപുരം: ഇന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേ കഴിഞ്ഞ ബജറ്റിൽ സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പ്രഖ്യാപിച്ച പണത്തിന്റെ മൂന്നിലൊന്നു പോലും നൽകിയില്ല. ആശ്വാസകിരണം അടക്കമുള്ള പദ്ധതികൾക്ക് 2023ലെ ബജറ്റിൽ വകയിരുത്തിയ തുകയുടെ മൂന്നിലൊന്നു പോലും നൽകിയിട്ടില്ല.
ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവരെയും കിടപ്പു രോഗികളെയും പരിചരിക്കുന്ന ബന്ധുക്കൾക്കായി ഏർപ്പെടുത്തിയ ആശ്വാസകിരണം പദ്ധതിക്കായി 54 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. എന്നാൽ, ധനവകുപ്പ് അനുവദിച്ചത് 15 കോടി രൂപ മാത്രവും. ഇതിൽ 14.99 കോടി രൂപ ചെലവഴിച്ചതായാണ് സാമൂഹിക നീതി വകുപ്പു പറയുന്നത്. പ്രഖ്യാപിച്ചതിന്റെ മൂന്നിലൊന്നു പോലും തുക ലഭിച്ചില്ലെന്നു ചുരുക്കം. ആശ്വാസകിരണം പദ്ധതി പ്രകാരം 600 രൂപയാണ് പ്രതിമാസ സഹായമായി ലഭിക്കുന്നത്. ഇപ്പോൾ ഒന്നര വർഷത്തിലേറെയാണ് കുടിശികയുള്ളത്.
സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന സ്നേഹസ്പർശം, സ്നേഹസാന്ത്വനം, വി കെയർ, മിഠായി, ഓർമ്മത്തോണി, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവർക്കു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയവയ്ക്കും പ്രഖ്യാപിച്ച ഫണ്ട് മുഴുവനായി വിതരണം ചെയ്തിട്ടില്ല. സ്നേഹസ്പർശം പദ്ധതിക്ക് പ്രഖ്യാപിച്ച രണ്ടു കോടിയിൽ 1.5 കോടി മാത്രമാണു നൽകിയത്. ചെലവഴിച്ചതാകട്ടെ ഒരു കോടി രൂപ മാത്രവും.
17 കോടി രൂപ സ്നേഹസാന്ത്വനം പദ്ധതിക്കു കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചെങ്കിൽ ചെലവഴിച്ചതാകട്ടെ 8.84 കോടി രൂപ മാത്രവും. ഒരു കോടി നീക്കിവച്ച വി കെയറിൽ ചെലവഴിച്ചത് വെറും 7.1 ലക്ഷം മാത്രമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വികലാംഗർക്ക് തിരിച്ചറിയൽ കാർഡ് വിതരണത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച ഒരു കോടിയിൽ 23.76 ലക്ഷം മാത്രമാണ് സാമൂഹിക നീതി വകുപ്പു ചെലവഴിച്ചതത്രേ.
ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം. ക്ഷേമപെൻഷൻ കുടിശികയുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതിലിൽ എത്തിനിൽക്കേ വർധിപ്പിക്കണമെന്ന സമ്മർദം ധനമന്ത്രിക്കു മേൽ ശക്തമാണ്. ഇതിനാൽ ക്ഷേമപെൻഷൻ 100 രൂപയെങ്കിലും വർധിപ്പിക്കാനാണു സാധ്യത.
ഒരുമാസത്തെ പെൻഷൻ കൊടുക്കാൻ പോലും ഇന്ധന സെസ് ഇനത്തിൽ പിരിക്കുന്ന തുക തികയാത്ത സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം തെരഞ്ഞെടുപ്പു വർഷങ്ങളിലെങ്കിലും ഒഴിവാക്കണമെന്ന സമ്മർദത്തിനു ധനമന്ത്രി ഇന്നത്തെ ബജറ്റിൽ വഴങ്ങുമോയെന്നും കാത്തിരിക്കേണ്ടതുണ്ട്.
സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അടഞ്ഞു കിടക്കുന്ന വീടുകൾക്കും വെറുതെയിട്ടിരിക്കുന്ന പറന്പുകൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തണമെന്ന നിർദേശവും ചിലപ്പോൾ പരിഗണനയ്ക്കു വന്നേക്കും.
സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള നിർദേശം ബജറ്റിലുണ്ടാകുമെന്നാണു ധനവകുപ്പു വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനായി കമ്മീഷനെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളുമുണ്ട്. അഞ്ചു വർഷത്തിലൊരിക്കലാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം നടപ്പാക്കുന്നത്.