ഡ്യൂട്ടിസമയത്തു മദ്യപിച്ച രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കു ശിപാർശ
Wednesday, February 12, 2025 1:42 AM IST
തൃശൂർ: വിജിലൻസിന്റെ മിന്നൽപരിശോധയിൽ തൃശൂരിലെ സ്വകാര്യ ബാർ ഹോട്ടലിൽനിന്നു കസ്റ്റഡിയിലെടുത്ത രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നു വിജിലൻസ് ഡിവൈഎസ്പി ജിം പോൾ.
ഇവരിൽനിന്നു പിടികൂടിയ 33,050 രൂപ സർക്കാരിലേക്കു മുതൽകൂട്ടി. കസ്റ്റഡിയിലെടുത്ത ആറ് ഉദ്യോഗസ്ഥരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഓഫീസർ എം.സി. സാബു ഒഴികെയുള്ളവർ മദ്യപിച്ചതായി തെളിഞ്ഞു. ഇവർക്കെതിരേ വകുപ്പുതലനടപടിക്കു ശിപാർശനല്കും.
വൈദ്യപരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥരെ വിജിലൻസിന്റെ വാഹനത്തിൽതന്നെ ചെന്പൂക്കാവിലുള്ള രജിസ്ട്രാർ ഡിഐജി ഓഫീസിൽ എത്തിച്ചതായും വിജിലൻസ് ഡിവൈഎസ്പി പറഞ്ഞു.