പാതിവിലയിൽ ലഭിച്ച സാധനങ്ങൾ കസ്റ്റഡിയിലെടുത്തേക്കും
Wednesday, February 12, 2025 1:42 AM IST
കണ്ണൂർ: പാതിവില തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ പാതിവിലയിൽ സാധനങ്ങൾ ലഭിച്ചവരെയും ചോദ്യംചെയ്തേക്കും.
പണമടച്ച് സാധനം ലഭിക്കാത്തവരുടെ പണം ഉപയോഗിച്ചാണ് നിലവിൽ സാധനങ്ങൾ വിതരണം ചെയ്തിരിക്കുന്നത്. അതിനാൽ, പണം നഷ്ടമായവരുടെ പണം നല്കണമെങ്കിൽ സ്കൂട്ടർ ഉൾപ്പെടെ പാതിവിലയിൽ കൊടുത്ത സാധനങ്ങൾ അന്വേഷണസംഘത്തിനു കസ്റ്റഡിയിൽ എടുക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ഈ സാധനങ്ങൾ വിറ്റാൽ മാത്രമാണു നിലവിൽ പണം നഷ്ടമായവരുടെ പണം നല്കാൻ സാധിക്കൂ. പണം നഷ്ടപ്പെട്ടവരുടെ നിലവിലുള്ള കണക്കുപ്രകാരം ഏകദേശം 300 കോടി രൂപയോളം ഇരകൾക്കു കൊടുക്കണമെങ്കിൽ കണ്ടെത്തേണ്ടതുണ്ട്.
പ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചെങ്കിലും തട്ടിപ്പിനിരയായവരുടെ പണം നല്കണമെങ്കിൽ അക്കൗണ്ടിലുള്ളതിന്റെ അഞ്ചിരട്ടിയോളം വരും. സാധാരണ സാന്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് വിറ്റും അക്കൗണ്ടിലെ പണം ഉപയോഗിച്ചുമാണ് ഇരകൾക്ക് പണം തിരികെ നല്കുന്നത്.
എന്നാൽ, ഇവിടെ ഇരകൾ മുടക്കിയ പണം സാധനങ്ങളായി ഉപയോക്താക്കൾക്കു നല്കിയതാണ് തടസമായിരിക്കുന്നത്. അതിനാൽ, പണം തിരികെ നല്കണമെങ്കിൽ സാധനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ടി വരുമെന്നാണു സൂചന.