പാചകതൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ് ശിപാർശ പരിശോധിക്കുമെന്ന്
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: സ്കൂൾ പാചകതൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ് ഏർപ്പെടുത്താനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ സർക്കാരിന്റെ സജീവ പരിശോധനയിലാണെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ചേർന്നു പരിശോധന നടത്തും. ദിവസവേതന അടിസ്ഥാനത്തിൽ നിയമിതരായ ഇവരെ സ്ഥിരപ്പെടുത്താനോ ആശ്രിത നിയമനം നൽകാനോ വ്യവസ്ഥയില്ല. ഇവർക്ക് പെൻഷൻ നൽകാനുമാകില്ല.
പാചക തൊഴിലാളികളെ ഇഎസ്ഐ, ഇപിഎഫ് പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തൊഴിൽവകുപ്പു പരിശോധിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിന്റെ 60% തുക കേന്ദ്രവും 40% സംസ്ഥാനവുമാണ് നൽകുന്നത്.
20 പ്രവൃത്തിദിനങ്ങൾക്കായി തൊഴിലാളിക്കു പ്രതിമാസം കുറഞ്ഞത് 12,000 രൂപയും കൂടിയത് 13,500 രൂപയും നൽകുന്നു. വേനലവധിക്കാലത്ത് 2000 രൂപ സമാശ്വാസ സഹായമായി നൽകും. 2016-22 കാലത്ത് 5 തവണ ഓണറേറിയം വർധിപ്പിച്ചു. പ്രതിവർഷം സർക്കാരിന് 160 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് വി.ആർ സുനിൽകുമാറിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.