എംജിയു3എയ്ക്ക് അന്തര്‍ദേശീയ അംഗീകാരം
Wednesday, February 12, 2025 1:42 AM IST
കോട്ടയം: മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം സന്തോഷകരമാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്ന ആഗോള കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്റെ എംജി സര്‍വകലാശാലയിലെ യൂണിറ്റിന് (എംജിയു3എ) രാജ്യാന്തര അംഗീകാരം.
ഹോങ്കോംഗ് മെട്രോപ്പൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 31 മുതല്‍ സംഘടിപ്പിക്കുന്ന അസോസിയേഷന് ഓഫ് ഇന്റര്‍നാഷണര്‍ യൂണിവേഴ്സിറ്റീസ് ഓഫ് ദ തേഡ് ഏജിന്റെ (എഐയുടിഎ) അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നുള്ള മാതൃകയായി എംജിയു യു3എ അവതരിപ്പിക്കപ്പെടും.
സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറും സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.ആര്. ബൈജുവും അടങ്ങുന്ന 22 അംഗ സംഘം സര്‍വകലാശാലയെ പ്രതിനിധീകരിക്കും.
എംജിയു3എ ഡയറക്ടര്‍ ഡോ. ടോണി തോമസ്, മെന്റര്‍ ഡോ. തോമസ് ഏബ്രഹാം എന്നിവർ ചർച്ചകൾ നയിക്കും. കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മംഗളേശ്വരി എഴുതി ചിട്ടപ്പെടുത്തിയ എംജിയു3എ തീം സോംഗ് തിരുവാതിര കളിയായി അവതരിപ്പിക്കും.