വധശ്രമക്കേസ്: ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
Wednesday, October 4, 2023 1:16 AM IST
കൊച്ചി: വധശ്രമക്കേസില്‍ താന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
എന്നാല്‍ ഫൈസലടക്കമുള്ള നാലു പ്രതികള്‍ക്കും ലക്ഷദ്വീപ് കോടതി വിധിച്ച പത്തു വര്‍ഷത്തെ തടവുശിക്ഷ സസ്പെന്‍ഡ് ചെയ്തു. പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ച് ജസ്റ്റിസ് എന്‍. നഗരേഷാണ് ഇടക്കാല ഉത്തരവു നല്‍കിയത്. അപ്പീല്‍ വിശദമായി വാദം കേട്ട് പിന്നീടു വിധി പറയും.
മുഹമ്മദ് ഫൈസലിന്റെ ക്രിമിനല്‍ പ്രവൃത്തിക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു വിലയിരുത്തിയാണ് ലക്ഷദ്വീപ് കോടതിയുടെ ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യനായി. അദ്ദേഹത്തിന് എംപി സ്ഥാനത്ത് തുടരാനാവില്ല.
തെരഞ്ഞെടുപ്പു നടപടികളെ ക്രിമിനല്‍വത്കരിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഗുരുതരമായ ആശങ്കയാണെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ ഇതു ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമനിര്‍മാണ സഭകളില്‍ പോലും അക്രമങ്ങളുണ്ടാകുന്നു. മുഹമ്മദ് ഫൈസലിനെതിരേ മൂന്നു കേസുകള്‍ വേറെയുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയെ വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയശേഷവും എംപിയോ എംഎല്‍എയോ ആയി തുടരാന്‍ അനുവദിക്കുന്നത് പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.