മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകിയില്ല; ഹയർ സെക്കൻഡറി അധ്യാപകർ പ്രക്ഷോഭത്തിലേക്ക്
Wednesday, September 27, 2023 6:18 AM IST
പത്തനംതിട്ട: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ മൂല്യനിർണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവച്ചിട്ട് ആറു മാസം പിന്നിടുന്നു. പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും കഴിഞ്ഞ ഏപ്രിലിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നത്.
ഒന്നാം വർഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുഴുവൻ ഫീസും സ്വീകരിച്ച് ഒക്ടോബർ ഒന്പതിന് പരീക്ഷ ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങൾ മുമ്പേ നടന്ന മൂല്യനിർണയ ജോലിയുടെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നത്.
സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി നടന്ന ഹയർ സെക്കൻഡറി കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകുന്നതിന് 30.4 കോടി രൂപയോളം വേണ്ടിയിരുന്നു. ഇതിൽ 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാമ്പുകളിലേക്കുമായി അനുവദിച്ചത്. 25 ശതമാനം അധ്യാപകർക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിന്റെ മുഴുവൻ പ്രതിഫലവും അധ്യാപകർക്ക് വിതരണം ചെയ്തിട്ടുമുണ്ട്.
പരീക്ഷകൾക്കുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്നു പരീക്ഷാഫീസ് പിരിച്ചെടുക്കുന്നത്. ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് യഥാക്രമം 240, 270 രൂപ വീതവും സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപയുമാണ് പിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ പിരിച്ചെടുക്കുന്ന തുക വേതന ആവശ്യങ്ങൾക്കു വിനിയോഗിക്കാമെന്നിരിക്കെ പ്രതിഫല കാര്യത്തിൽ മാത്രം മാസങ്ങളായി തുടരുന്ന കാലതാമസം ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കുടിശികയുള്ള പ്രതിഫലത്തുക അടിയന്തിരമായി അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്എച്ച്എസ്ടിഎ ) ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 29ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് തിരുവനന്തപുരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനു മുന്നിൽ സമരവും നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.