സ്പീക്കറെ അവഗണിച്ച് ബഹളം; വാക്കൗട്ട് പ്രസംഗം ബഹിഷ്കരിച്ച് കുഞ്ഞാലിക്കുട്ടി
സ്വന്തം ലേഖകൻ
Wednesday, September 13, 2023 4:16 AM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസപ്പെടുത്താൻ എഴുന്നേറ്റു നിന്നു ബഹളമുണ്ടാക്കിയ മന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ സ്പീക്കർ എ.എൻ. ഷംസീറിന്റെ നിർദേശം അവഗണിച്ചു.
മന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ സീറ്റിൽ ഇരിക്കണമെന്ന സ്പീക്കറുടെ നിർദേശം തള്ളി മന്ത്രിമാർ ബഹളം തുടർന്നതോടെ നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തിയ കോണ്ഗ്രസ് അംഗങ്ങൾ മടങ്ങിയെത്തി നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയുണ്ടായ സംഭവം ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോരിനും ഇടയാക്കി.
ആലുവയിൽ അമ്മയോടൊപ്പം ഉറങ്ങിയ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം നിയമസഭ ചർച്ച ചെയ്യുന്നതിനിടെയാണ് മന്ത്രിമാർ അടക്കം എഴുന്നേറ്റു നിന്നു ബഹളമുണ്ടാക്കിയ അപ്രതീക്ഷിത സംഭവം നിയമസഭയിൽ അരങ്ങേറിയത്.
അടിയന്തരപ്രമേയ വാക്കൗട്ട് പ്രസംഗത്തിൽ, മുദ്രാവാക്യം മുഴക്കിയ ഗ്രോ വാസു എന്ന തൊണ്ണൂറ്റിനാലുകാരനെ പോലീസ് വായ് പൊത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. നേരത്തേ സംസാരിച്ച, കോട്ടയത്തെ സതിയമ്മയുടെ വിഷയത്തിൽ പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാരോപിച്ചു മന്ത്രി ജെ. ചിഞ്ചുറാണി എഴുന്നേറ്റതാണു മന്ത്രിമാരുടെ കൂട്ട പ്രകോപനത്തിനു തുടക്കമായത്.
മന്ത്രിക്കു പ്രതിപക്ഷ നേതാവ് വഴങ്ങുന്നുണ്ടോയെന്നു സ്പീക്കർ ചോദിച്ചെങ്കിലും സതീശൻ വഴങ്ങിയില്ല. മന്ത്രിക്കു പിന്നീടു സമയം നൽകാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും മന്ത്രിമാർ അടക്കം എഴുന്നേറ്റു ബഹളമുണ്ടാക്കുകയായിരുന്നു.
മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, ആന്റണി രാജു, വി. ശിവൻകുട്ടി, പി. രാജീവ് തുടങ്ങിയവരും ഭരണപക്ഷത്തെ വി. ജോയി അടക്കമുള്ള അംഗങ്ങളും എഴുന്നേറ്റു നടുത്തളത്തിനു തൊട്ടടുത്തു വരെയെത്തി. ഇതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം അവസാനിപ്പിച്ചു. മന്ത്രിമാർ സീറ്റിൽ ഇരിക്കണമെന്നു സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. ഇതോടെ പ്രതിപക്ഷ അംഗങ്ങളും മുദ്രാവാക്യം മുഴക്കി നടുത്തളത്തിലെത്തി. പരസ്പരം വിരൽ ചൂണ്ടിയുള്ള പോർവിളികളുയർന്നു. ഒടുവിൽ ഭരണകക്ഷിയെ സ്പീക്കർ അനുനയിപ്പിച്ചതോടെ പ്രതിപക്ഷവും സീറ്റിലേക്കു മടങ്ങി. തുടർന്നു സഭയിൽനിന്നു വാക്കൗട്ടു നടത്തുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാക്കൗട്ട് പ്രസംഗത്തിനായി എഴുന്നേറ്റങ്കെിലും മന്ത്രി ചിഞ്ചുറാണിക്കു സംസാരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു മന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ വീണ്ടും ബഹളംവച്ചു. ഇതോടെ വാക്കൗട്ട് നടത്തിയ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്ഗ്രസ് അംഗങ്ങൾ മടങ്ങിയെത്തി ബഹളം തുടർന്നു.
മുസ്ലിം ലീഗിന് ശക്തിയുണ്ടെന്നും വാക്കൗട്ട് നടത്തിയവർ മടങ്ങിയെത്തി ബഹളമുണ്ടാക്കുന്ന കീഴ്വഴക്കം സൃഷ്ടിക്കരുതെന്നും സ്പീക്കർ പറഞ്ഞെങ്കിലും ആരും അനുസരിച്ചില്ല. പ്രതിപക്ഷ ബഹിഷ്കരണത്തിനു ശേഷം പറഞ്ഞാൽ കേൾക്കാൻ ആരും കാണില്ലെന്നായിരുന്നു മന്ത്രിമാരുടെ ന്യായീകരണം. തുടർന്ന് മന്ത്രി ചിഞ്ചുറാണിക്കു തന്റെ ഭാഗം പറയാൻ അവസരം നൽകി. ഇതിൽ പ്രതിഷേധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റു ഘടകകക്ഷികളും വാക്കൗട്ട് പ്രസംഗം ബഹിഷ്കരിച്ച് സഭയിൽനിന്നിറങ്ങിപ്പോയി.