മന്ത്രിമാർ കുതിച്ചെത്തി; നിപയെ നേരിടാൻ അടിയന്തര മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്
Wednesday, September 13, 2023 4:16 AM IST
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ ആരോഗ്യ, പൊതുമരാമത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയത് അടിയന്തര മുന്നൊരുക്കങ്ങൾ. നിപ സ്ഥിരീകരിക്കുന്നതിനു മുന്നേ ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തിരക്കിട്ട കൂടിയാലോചനകളും യോഗങ്ങളും നടത്തി. കുറ്റ്യാടിയിലെത്തിയ മന്ത്രിമാർ, രോഗബാധ സംശയിച്ച പഞ്ചായത്ത് ഉൾപ്പെടെ ആറു തദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. ഇന്നലെ വൈകുന്നേരമാണു നിപ സ്ഥിരീകരിച്ചത്.
പരിശോധനാഫലം വരാൻ കാത്തിരിക്കാതെ അതിനു മുന്‍പേതന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കു മന്ത്രി നേരിട്ട് നേതൃത്വം നൽകി. മെഡിക്കൽ കോളേജിൽ 75 ബെഡുകളുള്ള ഐസലേഷൻ റൂമുകളാണു സജ്ജമാക്കിയത്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും സജ്ജമാക്കിയാണ് ആരോഗ്യവകുപ്പ് പൂന വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നുള്ള പരിശോധനാ ഫലത്തിനു കാത്തിരുന്നത്.
രാവിലെ പത്തരയ്ക്കു കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർക്കു പുറമേ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരും പങ്കെടുത്തു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകളെയാണു നിയോഗിച്ചിട്ടുള്ളത്. യോഗത്തിനു ശേഷം ഡോക്ടർമാരുടെ പ്രത്യേക യോഗവും വിളിച്ചു ചേർത്തു. സന്പർക്കപട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനു കീഴിലെ ദിശയിലെ 104, 1056, 0471 2552056, 2551056 ഈ നന്പറുകളിൽ പൊതുജനങ്ങൾക്കു വിളിച്ച് സഹായം തേടാം.
കോഴിക്കോട്ട് ഇന്നു മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി
കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രികളില്‍ അത്യാവശ്യ കാര്യത്തിനു മാത്രമേ പോകാന്‍ പാടുള്ളു. പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ആശങ്കയോ ഭയമോ വേണ്ട. ജാഗ്രതയാണു വേണ്ടത്. രോഗവുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്- മന്ത്രി പറഞ്ഞു.