2018ലേതിനു സമാനമായ സാഹചര്യം: കൂടുതല്‍ പേര് സമ്പര്‍ക്കപട്ടികയിലേക്ക്
Wednesday, September 13, 2023 4:16 AM IST
കോഴിക്കോട്: മൂന്നാം തവണയും നിപ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ 2018നു സമാനമായ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. സംസ്ഥാനത്തെ ആദ്യത്തെ നിപമരണമെന്ന് സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടി വീട്ടില്‍ സാബിത്തിനു പഴംതീനി വവ്വാലുകളില്‍ നിന്നാണു നിപ പിടിപെട്ടത്.
സാബിത്ത് മേയ് നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിടി സ്കാന്‍ ചെയ്യാന്‍ എത്തിയിരുന്നു. ഇതുവഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം പടര്‍ന്നതും മരണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയതും. സ്കാന്‍ ചെയ്യാന്‍ എത്തിയവര്‍ക്കു മുന്നിലൂടെ സാബിത്തിനെകൊണ്ടുപോയ ആശുപത്രിയിലെ ഇടുങ്ങിയ വഴിയില്‍നിന്നാണ് പത്തോളം പേര്‍ക്ക് രോഗബാധയുണ്ടായത്.
മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനു മുന്‍പ് പേരാമ്പ്ര ആശുപതിയില്‍ സാബിത്ത് ചികിത്സ തേടിയിരുന്നു. ഇവിടെ വച്ചാണ് ആരോഗ്യ പ്രവര്‍ത്തക ലിനിക്കു രോഗം പിടിപെടുന്നതും അവര്‍ മരണപ്പെടുന്നതും. സാബിത്തില്‍നിന്നാണ് പേരാമ്പ്ര ആശുപത്രിയില്‍ ആ സമയം ഉണ്ടായിരുന്ന നാലുപേര്‍ക്കും മെഡിക്കല്‍ കോളജില്‍നിന്നു പത്തുപേര്‍ക്കും രോഗം പിടിപെട്ടത്. സാബിത്തിന്റെ സഹോദരന്, പിതാവ്, അവരുടെ സഹോദരി എന്നിവരും മരണത്തിനു കീഴടങ്ങി.
ഇതേ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മുപ്പതിന് മരണപെട്ട മരുതോങ്കര സ്വദേശി ചികില്‍സ തേടിയത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലുമായിരുന്നു. ഇവിടെ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരണപ്പെട്ടതെന്നു സ്ഥിരീകരിച്ച ആയഞ്ചേരി സ്വദേശിയും ചികിത്സയിലുണ്ടായിരുന്നു.