നാഷണൽ പെർമിറ്റ് ദുരുപയോഗം തടയും
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാനാവില്ല. നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.