ആരുടെയൊക്കെയോ മാനസികനിലയുടെ പ്രശ്നങ്ങൾ
സാബു ജോണ്
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: കേരളത്തിൽ ആരുടെയൊക്കെയോ മാനസിക നില പരിശോധിക്കേണ്ട തുണ്ടെന്ന തോന്നൽ ബലപ്പെട്ടുവരികയാണ്. നിയമസഭയിലെ പ്രകടനങ്ങൾ കണ്ട മുഖ്യമന്ത്രി പിണറായി വിജനാണ് ആദ്യം ഈ തോന്നലുണ്ടായത്. ഇന്നലെ ആയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇതേ ചിന്തയുണ്ടായി.
മകൾക്കെതിരേ മാസപ്പടി ആരോപണമുന്നയിച്ചത് ഒരു പ്രത്യേക മാനസികനിലയുടെ പ്രതിഫലനമാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഇന്നലെയും മുഖ്യമന്ത്രി ഇതേ പ്രശ്നം കണ്ടെത്തി. ആലുവയിൽ ബാലികയെ പീഡിപ്പിച്ച കേസിലെ അടിയന്തരപ്രമേയ നോട്ടീസ് ചർച്ചയ്ക്കിടെയാണു മുഖ്യമന്ത്രി പ്രത്യേക മാനസികനില പ്രയോഗം നടത്തിയത്. ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം അൻവർ സാദത്ത് സഭയിൽ ഉദ്ധരിച്ചു. അത് പ്രത്യേക മാനസികനിലയുടെ പ്രതിഫലനമാണെന്നായിരുന്നു മുഖ്യമന്ത്രി കണ്ടെത്തിയത്.
മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാനസികനിലയുടെ പ്രശ്നം കണ്ടെത്തി. വിമർശനങ്ങൾ കേൾക്കുന്പോൾ മാനസികനിലയുടെ പ്രശ്നം തോന്നുന്നവരുടെ മാനസികനില പരിശോധിക്കുന്നതു നന്നായിരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ തോന്നൽ. ഏതായാലും പ്രതിപക്ഷ നേതാവ് കത്തിക്കയറിയതോടെ ഭരണപക്ഷത്തുനിന്നു പ്രതിഷേധത്തിന്റെ കനവും കൂടി.
ഉമ്മൻ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന്റെ പേരിൽ 8,000 രൂപ ശന്പളമുള്ള ജീവനക്കാരിയെ പിരിച്ചു വിടുകയും കേസെടുക്കുകയും ചെയ്തെന്നു സതീശൻ പറഞ്ഞപ്പോൾ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി എഴുന്നേറ്റു. സതീശൻ വഴങ്ങാതായതോടെ ഭരണപക്ഷം പ്രശ്നമായി. ഈ മാനസികനിലയാണു പരിശോധിക്കേണ്ട തെന്നായി പ്രതിപക്ഷ നേതാവ്.
പ്രതിപക്ഷം നടുത്തളത്തിൽ
മന്ത്രിമാരുൾപ്പെടെ ചിഞ്ചുറാണിക്കു പിന്തുണയുമായി എഴുന്നേറ്റു. പ്രതിപക്ഷം നടുത്തളംവരെ എത്തി. സ്പീക്കർ പറഞ്ഞിട്ടും ആരും കേൾക്കുന്നില്ല. ഒരുവിധം സമാധാനപ്പെടുത്തി പ്രതിപക്ഷ നേതാവ് പ്രസംഗം അവസാനിപ്പിച്ചു വാക്കൗട്ട് പ്രഖ്യാപിച്ചു പോയപ്പോൾ അടുത്ത ഊഴം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടേതാണ്. എന്നാൽ മന്ത്രിക്കു വിശദീകരണത്തിന് അവസരം നൽകിയതോടെ പുറത്തു പോയ കോണ്ഗ്രസുകാർ ഉൾപ്പെടെ മടങ്ങിയെത്തി വീണ്ടും ബഹളമായി. ഒടുവിൽ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷമൊന്നാകെയും ഇറങ്ങിപ്പോയതോടെയാണു ബഹളത്തിനു ശമനമായത്.
മന്ത്രി എഴുന്നേറ്റപ്പോൾ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് അവസരം നൽകാത്തതിന്റെ പേരിൽ പിന്നെയും സഭയിൽ തർക്കമുയർന്നു. മന്ത്രിമാർ നിയമസഭാ നടപടിക്രമങ്ങളുടെ ബാലപാഠം തെറ്റിക്കുന്നു എന്ന് എൻ. ഷംസുദ്ദീൻ ചർച്ചയ്ക്കിടെ പറഞ്ഞു. ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുന്പോൾ മന്ത്രി കെ. രാജൻ അതിനും മറുപടി പറഞ്ഞു. ഷംസുദ്ദീന്റെ ക്ലാസ് വേണ്ടെന്നായിരുന്നു രാജന്റെ പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രമേശ് ചെന്നിത്തല എഴുന്നേറ്റപ്പോൾ മുഖ്യമന്ത്രി സീറ്റിലിരുന്ന് രമേശിന് അവസരം നൽകിയ കാര്യം രാജൻ ചൂണ്ടിക്കാട്ടി.
കോട്ടയത്ത് ആൾമാറാട്ടം നടത്തിയ ആൾക്കെതിരേയാണ് കേസെടുത്തതെന്നായിരുന്നു മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. പിന്നീട് അവസരം കിട്ടിയപ്പോൾ കോട്ടയംകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയെ തിരുത്താൻ ശ്രമിച്ചു. യാഥാർഥ്യങ്ങളിൽ നിന്നു വളരെയേറെ അകന്നു പോയി എന്നായിരുന്നു മന്ത്രിയുടെ വിശദീകരണത്തെക്കുറിച്ച് തിരുവഞ്ചൂർ പറഞ്ഞത്.
കെ. ബാബുവിന്റെ പേരുദോഷം!
അബ്കാരി നിയമ ഭേദഗതി ചർച്ചയ്ക്കിടയിൽ മദ്യവർജനവും ലഭ്യതയുമെല്ലാം ചർച്ചയായി. മദ്യത്തിന്റെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കാനുള്ള നിയമഭേദഗതി എന്നായിരുന്നു കെ. ബാബു (തൃപ്പൂണിത്തുറ) വിന്റെ പരിഹാസം. സുലഭമായി മദ്യം കിട്ടുന്ന സ്ഥിതി ഉണ്ടാക്കിയിട്ട് കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിട്ടു കാര്യമുണ്ടോ എന്ന് എൻ. ഷംസുദ്ദീൻ ചോദിച്ചു.
നല്ലവനായ മന്ത്രി എം.ബി. രാജേഷിനേക്കൊണ്ട് എടുത്താൽ പൊങ്ങാത്ത കല്ലു ചുമപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എക്സൈസ് ഒരു വല്ലാത്ത വകുപ്പാണത്രെ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തനിക്ക് എക്സൈസ് വകുപ്പു വേണ്ടെന്ന് കെ. ബാബു തന്നോടും ഉമ്മൻ ചാണ്ടിയോടും ആവതു പറഞ്ഞതാണെന്നു രമേശ് സാക്ഷ്യപ്പെടുത്തി. കെട്ടിയേൽപ്പിച്ച വകുപ്പു കൊണ്ട് അനാവശ്യമായി ബാബുവിനു പേരുദോഷം കേൾക്കേണ്ടി വന്നു എന്നും രമേശ് പറഞ്ഞു.
മദ്യലഭ്യതയുടെയും ഉപയോഗത്തിന്റെയുമൊക്കെ അഖിലേന്ത്യാ കണക്കുകൾ മന്ത്രി നിരത്തിയപ്പോൾ രാജ്യത്തിന്റെ പൊതുനിലയിലേക്ക് ഉയരണമെങ്കിൽ കേരളീയർ ഇനിയും ഒരുപാടു കുടിക്കേണ്ടി വരുമെന്നു തോന്നിപ്പോയി. മൂന്നു ബില്ലുകൾ പാസാക്കിയാണ് സഭ ഇന്നലെ പിരിഞ്ഞത്.