ആറുമാസത്തിനിടെ 1.22 ലക്ഷം കർഷകരുടെ കൃഷി നശിച്ചു
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലെ പ്രാഥമിക കണക്ക് പ്രകാരം ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 10 വരെ സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ 1,22,322 കർഷകരുടെ 33,983.63 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായി മന്ത്രി പി. പ്രസാദ്. 30,338.16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
2021 മേയ് ഒന്നു മുതൽ 2023 സെപ്റ്റംബർ 10 വരെ വിളനാശത്തിനുള്ള നഷ്ടപരിഹാരമായി സംസ്ഥാനവിഹിതം 4009.46 ലക്ഷം രൂപയും സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്നുള്ള വിഹിതം 1246.57ലക്ഷം രൂപയും കുടിശിക നൽകാനുണ്ട്.
കൂടിയ വിലയ്ക്ക് പച്ചക്കറി സംഭരിച്ചു: പി. പ്രസാദ്
ഓണക്കാലത്ത് കൃഷിവകുപ്പ് നടപ്പാക്കിയ രണ്ടായിരം ഓണച്ചന്തകളിലൂടെ 1400.22 മെട്രിക് ടണ്‍ പച്ചക്കറി വിപണിവിലയേക്കാൾ 10 ശതമാനം അധികം നൽകി കർഷകരിൽനിന്ന് സംഭരിച്ചിട്ടുണ്ടെന്നു മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.
ഡിജിറ്റൽ രജിസ്റ്റർ തയാറാക്കും: ജെ. ചിഞ്ചുറാണി
മൃഗസംരക്ഷണവകുപ്പിന്റെ ഇ സമൃദ്ധ പദ്ധതിയുടെ ഭാഗമായി ബ്രീഡിംഗ് മാനേജ്മെന്റ് കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ കന്നുകാലികളുടെ ഡിജിറ്റൽ രജിസ്റ്റർ തയാറാക്കുന്നതായി മന്ത്രി ജെ.ചിഞ്ചുറാണി. പുതുതായി ഒരു അസുഖം റിപ്പോർട്ട് ചെയ്താൽ മാപ്പിംഗ് നടത്താനും സമയബന്ധിതമായ കുത്തിവയ്പ്, ചികിത്സ എന്നിവ നൽകാനും ഇതു സഹായിക്കും.
എഐ കാമറ അപകടം കുറച്ചു: ആന്റണി രാജു
എഐ കാമറകൾ സ്ഥാപിച്ചതിനെത്തുടർന്ന് 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം ഓഗസ്റ്റിൽ ഉണ്ടായ അപകടമരണങ്ങളുടെ എണ്ണം 307 ൽ നിന്നും 58 ആയി കുറഞ്ഞെന്നു മന്ത്രി ആന്റണി രാജു. അപകടങ്ങളുടെ എണ്ണം 3,366ൽ നിന്ന് 1,065 ആയും പരിക്കേറ്റവരുടെ എണ്ണം 4,040 ൽ നിന്ന് 1,197 ആയും കുറഞ്ഞു. മൂന്നു മാസം കൊണ്ട് ഗതാഗതനിയമലംഘനങ്ങൾക്കെതിരെ 8,61,069 കേസുകൾ എടുക്കുകയും 6,95,45,750 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ബിഎഡ് സിലബസ് പരിഷ്കരിക്കും: ആർ. ബിന്ദു
നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബിഎഡ് സിലബസ് പരിഷ്കരിക്കുമെന്നു മന്ത്രി ആർ. ബിന്ദു. സാങ്കേതികവിദ്യയുടെ കാലത്ത് ഓണ്‍ലൈൻ പഠന സംവിധാനത്തെ ക്രെഡിറ്റ് സ്കോറായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. സെലക്ഷൻ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ലഭിച്ചതുകൊണ്ടാണു പിഎസ്സിഅംഗീകരിച്ച പട്ടികയിൽനിന്നുള്ള പ്രിൻസിപ്പൽ നിയമനങ്ങൾ താത്കാലിക നിയമനമായി കണക്കാക്കാൻ സർക്കാർ തീരുമാനിച്ചത്. പരാതികളിൽ കഴന്പുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല വികസനം:30 കോടി ചെലവിടുമെന്ന് മന്ത്രി
ശബരിമല മാസ്റ്റർപ്ലാനിൽ പെടുത്തിയിട്ടുള്ള വികസന പദ്ധതികൾക്കായി ഈ വർഷം 30 കോടി രൂപ ചെലവിടുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രവിഹിതം കൂടി ഉൾപ്പെടുത്തി സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കും.