സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: വിഹിതം വർധിപ്പിക്കുന്നതു പരിഗണനയിൽ: മന്ത്രി
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള സംസ്ഥാന വിഹിതം വർധിപ്പിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
2016ലെ നിരക്ക് അനുസരിച്ചാണ് ഇപ്പോഴും ഉച്ചഭക്ഷണം തയാറാക്കുന്നതിനുള്ള സാധനങ്ങൾക്കുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നതും ഈ തുക ഉയർത്തണമെന്നുമുള്ള സജീഷ്കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാന വിഹിതം വർധിപ്പിക്കുന്നതിനുള്ള നിർദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കേന്ദ്രസർക്കാർ വിഹിതം നൽകിയില്ലെങ്കിലും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ജനങ്ങളുടെ സഹായത്തോടെ തുടരും. പദ്ധതിക്ക് ഒരു കുറവുമുണ്ടാവില്ല. ഇക്കാര്യത്തിൽ ഉത്കണ്ഠ വേണ്ട. ഈ വർഷം ആദ്യഗഡുവായി 170.59 കോടി കേന്ദ്രം നൽകാനുണ്ട്. വിനിയോഗ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ നൽകിയിട്ടും വിഹിതം അനുവദിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു.
കത്തു നൽകിയ അധ്യാപകനെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: സ്കൂളിലെ ഉച്ചഭക്ഷണം നിർത്തിവയ്ക്കാൻ നിർദേശിച്ചു കത്തു നൽകിയ സ്കൂളിലെ പ്രഥമാധ്യപകനെതിരേ തുടർ നടപടിയുണ്ടാകുമെന്നു മന്ത്രി വി. ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി നിർത്തിവയ്ക്കാൻ ഹെഡ്മാസ്റ്റർമാർക്കു കഴിയില്ല. നിർത്തിവയ്ക്കാൻ അനുമതി തേടി എഇഒയ്ക്കു കത്തു നൽകിയ പ്രഥമാധ്യാപകൻ ഈ കത്തിന്റെ പകർപ്പ് കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് എംഎൽഎയ്ക്കു നൽകിയെന്നും മന്ത്രി പറഞ്ഞു.