സഹകരണ ബാങ്ക് ക്രമക്കേട്: മുൻ സെക്രട്ടറി അറസ്റ്റിൽ
Wednesday, September 13, 2023 4:03 AM IST
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സഹോദര സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതില്‍ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് എടുത്ത കേസിലാണ് ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്തത്.
അന്വേഷണസംഘം ഇന്നലെ രാവിലെ ജോഷ്വായെ വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ആശുപത്രിയിലെത്തിച്ച് ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
നൂറു കോടിയോളം രൂപയുടെ ക്രമക്കേട് പ്രാഥമികമായി വിവിധ അന്വേഷണങ്ങളിലൂടെ മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഗോതന്പ് ഫാക്ടറിയുടെ കേസ് മാത്രമാണ് സാന്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ ഏല്പിച്ചിട്ടുള്ളത്.
86.12 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിച്ച മറ്റൊരു കേസിൽ ജോഷ്വാ മാത്യു ഒന്നാം പ്രതിയും ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ രണ്ടാം പ്രതിയുമാണ്. സഹകരണ സംഘം ജോയിന്റെ രജിസ്ട്രാറുടെ പരാതിയിലാണ് കേസുകളെടുത്തിട്ടുള്ളത്.