അബ്കാരി ഭേദഗതി ബിൽ നിയമസഭ പാസാക്കി
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 2023 ലെ കേരള അബ്കാരി ഭേദഗതി ബിൽ നിയമസഭ പാസാക്കി. അബ്കാരി നിയമത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കുറ്റകരമല്ലാതാക്കി പകരം അവയുടെ പിഴ വർധിപ്പിക്കുന്നതാണു ഭേദഗതി ബിൽ.
നിലവിലുണ്ടായിരുന്ന നിയമത്തിൽ മദ്യത്തിന്റെ നിയമവിരുദ്ധ പരസ്യത്തിനെതിരേയുള്ള 55 എച്ച്, തിയറ്ററുകളിൽ മുന്നറിയിപ്പുകളില്ലാതെ മദ്യ ഉപയോഗ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരേയുള്ള 55 ഐ വകുപ്പുകൾ പ്രകാരമുള്ള പിഴ 50000 രൂപയായി വർധിപ്പിച്ചു. ഈ പ്രവൃത്തികൾ കുറ്റകരമല്ലാതാക്കുന്നതിന് അബ്കാരി നിയമത്തിലെ 67 എ വകുപ്പും ഭേദഗതി ചെയ്തു.
അബ്കാരി നിയമം ഉണ്ടായ ശേഷം ഇതുവരെ ഈ രണ്ടു വ്യവസ്ഥ അനുസരിച്ച് ആരെയും ശിക്ഷിച്ചിട്ടില്ലെന്നും ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ എക്സൈസ് മന്ത്രി എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.