വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യക്കെതിരേ ജാമ്യമില്ലാവകുപ്പിൽ കേസ്
Friday, June 9, 2023 1:04 AM IST
നീലേശ്വരം (കാസര്‍ഗോഡ്): കരിന്തളം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഹാജരാക്കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു സ്ഥിരീകരിച്ചു. എറണാകുളം മഹാരാജാസ് കോളജ് അധികൃതരാണു സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചത്.
കരിന്തളം ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ജയ്സണ്‍ വി. ജോസഫിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് വിദ്യക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ഐപിസി 468 (വ്യാജരേഖ നിര്‍മിക്കല്‍), 471 (യഥാര്‍ഥ രേഖയാണെന്ന വ്യാജേനെ വ്യാജരേഖ സമര്‍പ്പിക്കല്‍), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ കരിന്തളം ഗവ.കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണു വിദ്യ നല്‍കിയിരുന്നത്.