വ്യാജരേഖ കേസ്: വിദ്യ ഒളിവില്‍
Thursday, June 8, 2023 3:21 AM IST
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ ഒളിവില്‍. കേസെടുത്തതിനു പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍പ്പോയത്.
വിദ്യയ്ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതിനിടെ വിദ്യയ്ക്ക് വ്യാജ രേഖ ചമയ്ക്കുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ പ്രാഥമിക വിവരങ്ങള്‍ തയാറാക്കി സെന്‍ട്രല്‍ പോലീസ്, കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയേക്കും. ഇതിനുശേഷമാകും സംഭവം നടന്ന അഗളി പോലീസിനു കേസ് കൈമാറുക.
അതേസമയം, വിദ്യയുടെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തിലും ആക്ഷേപം ഉയരുന്നുണ്ട്. ഇത് സംവരണം അട്ടിമറിച്ചാണെന്നാണു കണ്ടെത്തല്‍. സര്‍വകലാശാല എസ്സി/എസ്ടി സെല്ലാണ് വിദ്യ സംവരണം അട്ടിമറിച്ചെന്നു കണ്ടെത്തിയത്. 2020ലാണ് എസ്സി/എസ്ടി സെല്‍ സര്‍വകലാശാലയ്ക്ക് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. വിദ്യയ്ക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയും ഇവരുടെ പ്രവേശനം സംബന്ധിച്ചു വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്.
അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുത്ത രേഖകൾ പോലീസിന് പ്രിന്‍സിപ്പല്‍ കൈമാറി. ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വിദ്യയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് പറഞ്ഞു.
കോളജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയില്‍ ഉപയോഗിച്ചിരിക്കുന്നത്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ റിസള്‍ട്ട് പോലും വരാത്തയാളാണ് ആ സമയത്ത് ഗസ്റ്റ് അധ്യാപികയായി പഠിപ്പിച്ചെന്ന് വ്യാജ രേഖ ഉണ്ടാക്കിയത്. സമാന സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് അറിയാനാണു കേസ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ ഗൈഡ് പിന്മാറി
കൊച്ചി: വ്യാജ രേഖ കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് ബിച്ചു എക്സ്. മലയില്‍ പിന്മാറി. ഇതുസംബന്ധിച്ച കത്ത് ഇവര്‍ കഴിഞ്ഞദിവസം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് കൈമാറി. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നുവെന്നാണ് വിശദീകരണം.