പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചു
Saturday, June 3, 2023 1:52 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള മുൻ പ്രസിഡന്റ് കെ.കെ. ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചു.
പാർട്ടി നേതൃത്വം നടപടിക്ക് ഒരുങ്ങുന്നതിനിടെയാണു രാജി. ജുഡീഷൽ കസ്റ്റഡിയിലിരിക്കെയാണു രാജിക്കത്ത് കെപിസിസി അധ്യക്ഷനു ലഭ്യമാക്കിയതെന്നാണു വിവരം. പാർട്ടിയെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യവും ചെയ്തിട്ടില്ലെന്നും വായ്പ തട്ടിപ്പുകേസിൽ നിരപരാധിയാണെന്നും പാർട്ടി അധ്യക്ഷനുള്ള കത്തിൽ ഏബ്രഹാം പറയുന്നതായാണ് അറിയുന്നത്. വ്യാഴാഴ്ച റിമാൻഡിലായ ഏബ്രഹാം നെഞ്ചുവേദനയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ബാങ്കിൽ മുൻ കോണ്ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ചു നിരവധി പരാതികൾ ഉയർന്നിരുന്നു. വായ്പാ തട്ടിപ്പിന് ഇരയായി കടക്കെണിയിൽ അകപ്പെട്ട കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണു പ്രത്യേക അന്വേഷണത്തിനു സംഘത്തെ നിയോഗിച്ചത്.
പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ തിരിമറി സംബന്ധിച്ച് അന്വേഷണം നടത്താൻ സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണ മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.
ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. അസിസ്റ്റന്റ് രജിസ്ട്രാർ അരുണ്. വി.സജികുമാർ, രാജാറാം, ആർ, ജ്യോതിഷ് കുമാർ.പി, എം. ബബീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദേശം നൽകിയിരിക്കുന്നത്.