കെ. പത്മകുമാർ ജയിൽ ഡിജിപി, ഷേക് ദർബേഷ് സാഹിബ് ഫയർഫോഴ്സ് മേധാവി
Thursday, June 1, 2023 1:48 AM IST
തിരുവനന്തപുരം: കെ. പത്മകുമാറിനെ ജയിൽ ഡിജിപിയായും ഷേക് ദർബേഷ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ഡിജിപിമാരുടെ എക്സ്കേഡർ തസ്തിക സൃഷ്ടിച്ചാണു നിയമനം. ഡിജിപിമാരായിരുന്ന ബി. സന്ധ്യയും എസ്. ആനന്ദകൃഷ്ണനും വിരമിച്ച ഒഴിവിൽ പത്മകുമാറിനും ദർബേഷ് സാഹിബിനും ഡിജിപിമാരായി സ്ഥാനക്കയറ്റവും നൽകി.
നിലവിൽ പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്നു പത്മകുമാർ. പകരം ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാധ്യായയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു.
ക്രൈംബ്രാഞ്ച് മേധാവിയായി എച്ച്. വെങ്കിടേഷിനെയും നിയമിച്ചു. ഷേക് ദർബേഷ് സാഹിബായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്നത്. നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജൂണ്‍ 30നു വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കേണ്ട എട്ട് പേരുടെ പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.