എൻജിനിയറിംഗിൽ 4,000 പുതിയ സീറ്റുകൾ വരും
Wednesday, May 31, 2023 1:29 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിവിധ നൂതന കോഴ്സുകൾക്ക് അനുമതി തേടി സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകൾ ഓൾ ഇന്ത്യ കൗണ്സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന് (എഐസിടിഇ) അപേക്ഷ നല്കി.
നിലവിൽ സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ ഉൾപ്പെടെ വിവിധ കോഴ്സുകളിലായി 4,000 സീറ്റുകൾക്കായാണ് പുതുതായി അപേക്ഷിച്ചിട്ടുള്ളത്. ജൂണ് 10 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ജൂണ് 11 മുതൽ എഐസിടിഇ ഓരോ കോളജിന്റെയും അപേക്ഷകൾ പരിശോധിച്ചശേഷം കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടി പരിഗണിച്ച് ഇവർ അപേക്ഷിച്ച കോഴ്സുകൾ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
എഐസിടിഇ കോഴ്സുകൾക്ക് അനുമതി നല്കിക്കഴിഞ്ഞാൽ തുടർന്ന് സർവകലാശാലയുടെയും സർക്കാരിന്റെയും അനുമതി വേണം. ഇതിനുശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തുകയുള്ളു.
സംസ്ഥാനത്തുനിന്നും നൂതന കോഴ്സുകൾക്കായി കൂടുതൽ അപേക്ഷകൾ നല്കിയിരിക്കുന്നത് സ്വാശ്രയ എൻജിനിയറിംഗ് കോളജുകളാണ്. നിലവിൽ എൻട്രൻസ് കമ്മീഷണറേറ്റ് പ്രവേശനം നടത്തുന്നത് സംസ്ഥാനത്തെ 46,496 സീറ്റുകളിലേക്കാണ്. ഇതിൽ തന്നെ 33,396 സീറ്റുകൾ സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലും ഓട്ടോണമസ് കോളജുകളിലുമായുള്ളതാണ്. 1,460 ആർകിടെക്ച്ചർ സീറ്റുകൾ ഉൾപ്പെടെയാണ് ഈ കണക്ക്. പുതുതായി കോഴ്സുകൾക്ക് അപേക്ഷിച്ചതിലേറെയും ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ തുടങ്ങിയ കോഴ്സുകളിലേയ്ക്കാണ്.
നിലവിൽ അപേക്ഷ സമർപ്പിച്ചവരിൽ ഭൂരിഭാഗത്തിനും എഐസിടിഇ അംഗീകാരം നല്കാനുള്ള സാധ്യതയുണ്ട്. നൂതന കോഴ്സുകൾ തുടങ്ങിയില്ലെങ്കിൽ വിദ്യാർഥികളുടെ ഇതരസംസ്ഥാനങ്ങളിലേയ്ക്കുള്ള ഒഴുക്ക് കൂടും.