വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമാകുന്നു
Wednesday, May 31, 2023 1:29 AM IST
കോട്ടയം: പ്രകൃതിദത്തറബര് ഉത്പാദനത്തില്‍ രാജ്യത്ത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.3 ശതമാനം വളര്‍ച്ച നേടിയതായി കണക്കുകൾ. 2021-22-ല്‍ 7,75,000 ടണ്ണായിരുന്ന റബർ ഉത്പാദനം 2022-23ല്‍ 8,39,000 ടണ്ണായി ഉയര്‍ന്നു.
ഈ സാമ്പത്തികവര്‍ഷം റബർ ഉത്പാദനത്തില്‍ 8.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥ അനുകൂലമായതും ടാപ്പുചെയ്യാതെ കിടന്ന തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങിയതും പുതിയതോട്ടങ്ങള് ടാപ്പുചെയ്യാന്‍ പാകമായതുമെല്ലാം ഉത്പാദനം കൂടാന്‍ കാരണമായി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര റബർ ഉപയോഗം 13,50,000 മെട്രിക് ടണ്ണായിരുന്നു. 2021-22ലെ 12,38,000 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വര്‍ധനയാണ് റബർ ഉപയോഗത്തില്‍ ഉണ്ടായത്.
കോല്‍ക്കത്തയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സിയല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സിന്റെ വിവരങ്ങളനുസരിച്ച് 2022-23ല്‍ 5,28,677 ടണ്‍ പ്രകൃതിദത്ത റബര്‍ ഇറക്കുമതി ചെയ്തു. 2021-22ലെ ഇറക്കുമതി 5,46,369 ടണ്ണായിരുന്നു. ഈ സാമ്പത്തികവര്‍ഷം 3700 ടണ്‍ റബര്‍ കയറ്റുമതി ചെയ്തു. 2021-22ലെ കയറ്റുമതി 3560 ടണ്ണായിരുന്നു. ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്റെ സഹായസഹകരണത്തോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വെസ്റ്റ് ബംഗാളിലും നടപ്പാക്കിവരുന്ന എന്‍ഇ മിത്ര പ്രോജക്ടിന്റെ ഭാഗമായി 2021-22ല്‍ 3859 ഹെക്ടറിലും 2022-23ല്‍ 23370 ഹെക്ടറിലും റബര്‍ കൃഷിചെയ്തു. ആഭ്യന്തരസ്ഥിതിവിവരങ്ങള് സംബന്ധിച്ച റിപ്പോര്‍ട്ടിലാണു റബറിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്.