സില്‍വര്‍ ലൈന്‍: പരിഷത്തിന്റെ റിപ്പോര്‍ട്ട് സിപിഎം പ്രതീക്ഷിച്ചതു തന്നെ
Tuesday, May 30, 2023 1:43 AM IST
തൃശൂര്‍: സില്‍വര്‍ ലൈനിനെതിരേ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലുള്ളത് സിപിഎം പ്രതീക്ഷിച്ച കാര്യങ്ങള്‍തന്നെ.
പലരും പലതവണ ഉന്നയിച്ച കാര്യങ്ങള്‍ പരിഷത്ത് പഠനം നടത്തി റിപ്പോര്‍ട്ടാക്കി അവതരിപ്പിക്കുകയായിരുന്നുവെന്ന വിലയിരുത്തലാണു സിപിഎം നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ പരിഷത്ത് റിപ്പോര്‍ട്ട് സിപിഎമ്മിനു കനത്ത ആഘാതമോ ഞെട്ടലോ ഉണ്ടാക്കിയിട്ടില്ലെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പരിഷത്ത് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം രണ്ടാഴ്ചയ്ക്കകം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പദ്ധതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഈ റിപ്പോര്‍ട്ട് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷമടക്കമുള്ളവര്‍ ഈ റിപ്പോര്‍ട്ടിനെ ആയുധമാക്കും.
സില്‍വര്‍ ലൈന്‍ പദ്ധതി പുനര്‍വിചിന്തനം ചെയ്യണമെന്ന പരിഷത്തിന്റെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പദ്ധതിയുടെ തിരുത്തലുകള്‍ക്കുള്ള മാര്‍ഗരേഖയായി മാറുമെന്നു പറയുന്നവരുമുണ്ട്.
സില്‍വര്‍ലൈന്‍ പദ്ധതി വരുമ്പോള്‍ സ്ഥലം നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കകള്‍ക്കപ്പുറം പല പ്രത്യാഘാതങ്ങളുമുണ്ടെന്നു വെളിപ്പെടുത്തുന്നതാണു പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്.
സില്‍വര്‍ലൈന്‍ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്നാണു പരിഷത്തിന്റെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറുലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സില്‍വര്‍ലൈന്‍ പാതയുടെ 55 ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടുന്നതിനാല്‍ വര്‍ഷകാലത്ത് പാതയുടെ കിഴക്കുഭാഗം വെള്ളത്തിനടിയിലാവും. 1,131 ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ അടക്കം 3,532 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടും.
മറ്റൊരു ബദല്‍ സാധ്യത സജീവമായുള്ളതിനാല്‍ പുനര്‍ വിചിന്തനം നടത്തണം. നിലവിലെ പാതകളുടെ നവീകരണം, വന്ദേഭാരത് ട്രെയിനിന്റെ സാന്നിധ്യം, സിഗ്നലുകളുടെ നവീകരണം എന്നിവ കണക്കിലെടുക്കണമെന്നും തൃശൂരില്‍ ചേര്‍ന്ന പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.