എംജി വിസി: മൂന്നംഗ പാനൽ സമർപ്പിക്കണമെന്നു ഗവർണർ
Saturday, May 27, 2023 1:05 AM IST
തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിനു പകരം താത്കാലിക നിയമനം നൽകാൻ മൂന്നംഗ പാനൽ സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ചു ഗവർണർ.
സർക്കാർ പാനൽ സമർപ്പിക്കുന്ന മുറയ്ക്ക് ഇതിൽ നിന്ന് ഒരാൾക്ക് എംജി വിസിയായി ഗവർണർ താൽക്കാലിക നിയമനം നൽകും. പാനലിൽ സാബു തോമസിന്റെ പേര് ഉൾപ്പെടുത്തിയാൽ അദ്ദേഹത്തിനു താത്കാലിക നിയമനം നൽകിയേക്കും.
എംജി വിസിയായി സാബു തോമസിന് പുനർ നിയമനം നൽകണമെന്ന സർക്കാരിന്റെ ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. സാബു തോമസിനു പുനർ നിയമനം നൽകുന്നതിനെതിരേ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി രംഗത്തു വന്നിരുന്നു.
വിസിയുടെ കാലാവധി കഴിയുന്ന മുറയ്ക്കു താത്കാലിക നിയമനം നൽകാൻ പട്ടിക സമർപ്പിക്കാനാണ് ഗവർണർ നിർദേശിച്ചത്. ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്നു പാനൽ നൽകിയേക്കും.