കെഎസ്ആർടിസിയിലെ ഡയസ്നോണിനു സ്റ്റേയില്ല
Saturday, May 27, 2023 1:05 AM IST
കൊച്ചി: കെഎസ്ആര്ടിസിയില് ഒരു ദിവസം പണിമുടക്കിയ ജീവനക്കാര്ക്ക് മൂന്നു ദിവസത്തെ ഡയസ്നോണ് ഏര്പ്പെടുത്തിയതു സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
ഡയസ്നോണ് ഉത്തരവ് റദ്ദാക്കാന് നല്കിയ ഹര്ജിയില് വിശദീകരണത്തിന് കെഎസ്ആര്ടിസി സമയം തേടിയതിനെത്തുടര്ന്ന് ഹര്ജി 29 ലേക്ക് മാറ്റി.
കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നല്കിയ ഹര്ജി ജസ്റ്റീസ് പി. ഗോപിനാഥാണു പരിഗണിക്കുന്നത്. കെഎസ്ആര്ടിസിയെ സര്ക്കാര് വകുപ്പിന്റെ ഭാഗമാക്കുക, ജീവനക്കാരെ സര്ക്കാര് ജീവനക്കാരായി കണക്കാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് കഴിഞ്ഞ എട്ടിന് പണിമുടക്ക് നടത്തിയിരുന്നു.
ഏപ്രില് 18 ന് മുന്കൂര് നോട്ടീസ് നല്കിയാണു പണിമുടക്ക് നടത്തിയത്. എന്നാല് പണിമുടക്കിയ ജീവനക്കാര്ക്ക് മേയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില് ഡയസ്നോണ് ഏര്പ്പെടുത്തി ഈ ദിവസങ്ങളിലെ ശമ്പളം നിഷേധിച്ചു. ഡയസ്നോണ് റദ്ദാക്കണമെന്നും. ഡയസ്നോണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഇടക്കാല ആവശ്യവും ഹര്ജിയില് ഉന്നയിച്ചിരുന്നു.