കാട്ടുപോത്ത് ആക്രമണഭീതിയിൽ ജനം: പേരിനു യോഗം ചേർന്ന് വനംവകുപ്പ്; നടപടികളില്ല
Tuesday, May 23, 2023 12:43 AM IST
തിരുവനന്തപുരം: കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതിന്റെ ഭീതിയിൽ ജനം കഴിയുന്പോൾ വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് സത്വരനടപടികൾ സ്വീകരിക്കാതെ വനംവകുപ്പ്. ജനകീയ പ്രതിഷേധം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ചില ചെപ്പടിവിദ്യകൾ മാത്രമാണ് വനംവകുപ്പ് കൈക്കൊള്ളുന്നത്. ഇന്നലെ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നെങ്കിലും വ്യക്തമായ തീരുമാനങ്ങൾ ഒന്നുമുണ്ടായില്ല.
കോട്ടയം ജില്ലയിലെ ഏരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിട്ടില്ലെന്ന് എരുമേലി പഞ്ചായത്തിലെ കണമല വാർഡ് മെംബർ മറിയാമ്മ ജോസഫ് ചൂണ്ടിക്കാട്ടി.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച സാധാരണ ജനങ്ങൾക്കെതിരേ കേസുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങളുടെ കടന്നുവരവ് തടയുന്നതിന് ഫെൻസിംഗ് പോലുള്ള ക്രമീകരണം ഒരുക്കണമെന്നതാണ് മലയോര ജനതയുടെ പ്രധാന ആവശ്യം.
എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും അതിനാലാണ് മുൻകരുതൽ എടുക്കാൻ കഴിയാത്തതെന്നുമായിരുന്നു ഇന്നലെ വനംമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. വന്യമൃഗങ്ങൾ ആക്രമണം നടത്തുന്നത് മുൻകൂട്ടി അറിയിച്ചിട്ടാണോ എന്നാണ് മലയോരമേഖലയിലുള്ളവർ മന്ത്രിയോട് തിരിച്ചു ചോദിക്കുന്നത്.
കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന വയനാട്, ഇടുക്കി, അതിരപ്പിള്ളി, കണ്ണൂർ എന്നിവിടങ്ങളെ ഹോട്ട് സ്പോട്ടുകളായി തിരിച്ചതായാണ് ഇന്നലെ ഉന്നതതലയോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കിയത്. ഈ മേഖലയിൽ ജനങ്ങളെ സഹായിക്കാനായി ദ്രുതകർമസേന (ആർആർടി) സേവനം ലഭ്യമാക്കുമെന്നു മന്ത്രി പറയുന്പോൾ, വന്യമൃഗങ്ങൾ ആക്രമണം നടത്തിയശേഷം ദ്രുതകർമസേനയ്ക്ക് ജനങ്ങളെ ഏതു രീതിയിലാണ് സഹായിക്കാൻ കഴിയുകയെന്ന ചോദ്യം ശക്തമാണ്.
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കയറിവരാതിരിക്കാനുള്ള ശാശ്വത നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അത്തരത്തിൽ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ.
എന്നാൽ ദ്രുതകർമ സേനാ രൂപീകരണവും കണ്ട്രോൾ റൂം പ്രഖ്യാപനവും മാത്രമാണുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ മന്ത്രി തയാറാവാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം ജനങ്ങൾക്കുമേൽ അടിച്ചേല്പിക്കാനാണ് നീക്കം നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
കണ്ട്രോൾ റൂം തുറന്നു
തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണമുണ്ടായാൽ ജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിന് കണ്ട്രോൾ റൂം ആരംഭിച്ചതായി വനം മന്ത്രി എ. കെ. ശശീന്ദ്രൻ. 18004254733 എന്ന നന്പരിൽ ജനങ്ങൾക്ക് ബന്ധപ്പെടാം. 24 മണിക്കൂർ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നിയെ വെടിവയ്ക്കൽ: ഒരു വർഷത്തേക്കുകൂടി അനുമതി നീട്ടും
തിരുവനന്തപുരം: അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിൽ ഈ മാസം 28 വരെയാണ് ഇതിനുള്ള കാലാവധി നൽകിയിരുന്നത്.
മനുഷ്യന് കൂടുതൽ ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.