പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം
Tuesday, May 23, 2023 12:17 AM IST
കൊച്ചി: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്കാന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും പെരിയാര്‍ വെസ്റ്റ് ഡിവിഷന് വനം ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു കേസെടുത്തത്.
പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഉള്‍പ്പെടുന്ന പൊന്നമ്പലമേട്ടിലെ കല്ത്തറയില് അതിക്രമിച്ചു കയറി പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. പ്രവേശനം നിഷേധിച്ചിട്ടുള്ള വനമേഖലയാണിത്. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതു ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണെന്നും ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണു ശബരിമല സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ വിശദീകരണം നല്കാന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി.
പാലക്കാട് സ്വദേശി നാരായണസ്വാമി ഉള്‍പ്പെടെ എട്ടു പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെരിയാര്‍ വെസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി.